
തൃപ്രയാർ : ശ്രീരാമ ക്ഷേത്രത്തിൽ മണ്ഡലമാസാചരണത്തിന് സമാപനം കുറിച്ച് പത്താമുദയം വേല ആഘോഷിച്ചു. രാവിലെ മുതൽ ക്ഷേത്രത്തിൽ വേല വെടികൾ മുഴക്കി. ഉച്ചതിരിഞ്ഞ് കിഴക്കെ നട എരകുളങ്ങര ക്ഷേത്തിൽ നിന്ന് വേല എഴുന്നള്ളിപ്പ് ആരംഭിച്ച് കിഴക്കെ നടയിൽ സമാപിച്ചു. രാത്രി ശ്രീരാമസ്വാമിയെയും ശ്രീ ധർമ്മശാസ്താവിനെയും കൂട്ടി എഴുന്നള്ളിച്ച് കിഴക്കെ നടപ്പുരയിൽ കിഴക്കോട്ട് അഭിമുഖമായി നിലയുറപ്പിച്ചതോടെ ചമ്പ മേളം ആരംഭിച്ചു.
കിഴക്കെ കരയിൽ നിന്ന് ചങ്ങാടത്തിൽ പുഴയിലൂടെ വേലവരവും ആരംഭിച്ചു. ചെണ്ടമേളം, മത്താപ്പ് , കുരുത്തോല തോരണം, ദീപയഷ്ടി , പട്ടുകുട, ആലവട്ടം, വെഞ്ചാമരം ആർപ്പുവിളികൾ എന്നിവയുടെ അകമ്പടിയോടെ ചങ്ങാടത്തിൽ ആരംഭിച്ച വേലവരവ് ക്ഷേത്രക്കടവിൽ സമാപിച്ച ശേഷം കൂട്ടി എഴുന്നള്ളിപ്പ് ആരംഭിച്ചു. ക്ഷേത്രത്തിൽ ദശമി വേലയ്ക്കും പത്താമുദയം വേലയ്ക്കുമാണ് തേവരെയും ശാസ്താവിനെയും കൂട്ടി എഴുന്നള്ളിക്കുക പതിവുള്ളത്. തുടർന്ന് അഞ്ച് പ്രദക്ഷിണത്തിന് ശേഷം ശാസ്താവിനെയും തേവരെയും ശ്രീകോവിലുകളിലേക്ക് തിരികെ എഴുന്നള്ളിച്ചതോടെ ആഘോഷ പരിപാടികൾക്ക് സമാപനമായി.