പാവറട്ടി: മണലൂർ നിയോജക മണ്ഡലത്തിലെ മുല്ലശ്ശേരി പഞ്ചായത്തിലെ പെരുവല്ലൂർ പരപ്പുഴ പാലം ഇന്ന് രാവിലെ 10.30ന് കേരള പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. മുരളി പെരുനെല്ലി എം.എൽ.എ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൻ ടി.എൻ. പ്രതാപൻ എം.പി മുഖ്യാതിഥിയാകും. പൂവത്തൂർ- അമല റോഡിലുള്ള പരപ്പുഴ പാലം രണ്ടു വർഷത്തിനു ശേഷമാണ് നിർമ്മാണം പൂർത്തിയാവുന്നത്. സമാന്തര റോഡ് നിർമ്മാണത്തിലെ അശാസ്ത്രീയതയും ഒരുവർഷം കൊണ്ട് പൂർത്തിയാകേണ്ട പാലം നിർമ്മാണം വൈകുന്നതും ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. മാസങ്ങൾക്കു മുമ്പെ ഇതിലൂടെ വാഹനങ്ങൾ പോയി തുടങ്ങിയിരുന്നു. ഇപ്പോഴെങ്കിലും പൊതുമരാമത്ത് വകുപ്പ് പരപ്പുഴപാലം ഉദ്ഘാടനം ചെയ്യാൻ തയ്യാറായതിന്റെ ആശ്വാസത്തിലാണ് നാട്ടുകാർ.
പാലത്തിന്റെ ചരിത്രം ഇപ്രകാരം
രണ്ട് ഭാഗങ്ങളിലായുണ്ടായിരുന്ന ആൽമരങ്ങൾ പാലത്തിന് അപകട ഭീഷണിയാകുന്ന കാര്യം ആദ്യമായി റിപ്പോർട്ട് ചെയ്തത് 2016 ൽ കേരളകൗമുദി ആയിരുന്നു. പൊതുമരാമത്ത് വകുപ്പ് ആൽമരത്തിന്റെ ശിഖരങ്ങൾ മുറിച്ചു മാറ്റി. എന്നാൽ ആലിന്റെ വേരുകൾ പാലത്തിന് ഭീഷണിയായതോടെ 2020 ൽ പാലം പൊളിച്ചു. മുരളി പെരുനെല്ലി എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 3 കോടി 87 ലക്ഷം രൂപ വകയിരുത്തി പാലം പുനർ നിർമ്മാണം ആരംഭിക്കുകയും ചെയ്തു. ഒരു വർഷമായിരുന്നു നിർമ്മാണക്കരാർ. പാലത്തിന് സമാന്തരമായി നിർമ്മിച്ച റോഡ് മഴക്കാല സമയത്ത് പൊളിച്ചു മാറ്റിയത് വാഹനഗതാഗതത്തിന് ഏറെ പ്രയാസമായി. 5 കിലോമീറ്റർ എളവള്ളി കോക്കൂർ റോഡ് വഴിയുള്ള യാത്ര ദുഷ്‌ക്കരമായി. യാത്രക്കാർക്കായി നിർമ്മിച്ച ഇരുമ്പുപാലം പുഴയിൽ വെള്ളം കൂടിയപ്പോൾ നീക്കിയതും ദുരിതമായി. പാലത്തിന്റെ നിർമ്മാണം ഇഴയുന്നത് രാഷ്ട്രീയ, സാംസ്‌കാരിക പ്രവർത്തകരുടെ പ്രതിഷേധത്തിന് കാരണമാക്കി. ഏകദേശം സെപ്തംബർ 30ന് പാലം പുനർനിർമ്മാണം പൂർത്തിയായി.