kaliya
പാമ്പാടി ഐവർമഠം ശ്മശാനത്തിൽ നടന്ന കളിയാട്ടത്തിൽ നിന്ന്.

തിരുവില്വാമല: ആചാരാനുഷ്ഠാനങ്ങൾക്ക് ഊന്നൽ നൽകി പാമ്പാടി ഐവർമഠം ശ്മശാനത്തിൽ അരങ്ങേറിയ കളിയാട്ടം വീക്ഷിക്കുന്നതിനും അനുഗ്രഹം നേടുന്നതിനുമായി ആയിരക്കണക്കിന് വിശ്വാസികളാണ് ഐവർമഠം ശ്മശാന ഭൂമിയിലെത്തിയത്. ഞായറാഴ്ച സന്ധ്യയ്ക്ക് തുടങ്ങിയ ചടങ്ങുകൾ അർദ്ധരാത്രിയും പിന്നിട്ടാണ് അവസാനിച്ചത്. ചുടലഭദ്രകാളി തെയ്യം, ഭൈരവൻ തെയ്യം, പൊട്ടൻ തെയ്യം തുടങ്ങിയ വിവിധ തെയ്യം കലാരൂപങ്ങളാണ് ശ്മശാന ഭൂമിയിൽ ആടിത്തിമർത്തത്. കേരള സംഗീത നാടക അക്കാഡമിയുടെ സഹകരണത്തോടെ തിരുവില്വാമല ഐവർമഠം പൈതൃക സാംസ്‌കാര സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിലാണ് കളിയാട്ട ചടങ്ങുകൾ അവതരിപ്പിച്ചത്. കാർഷിക അഭിവൃദ്ധി, കന്നുകാലി ക്ഷേമം, പകർച്ചവ്യാധി നിയന്ത്രിക്കുക, പട്ടിണി ഇല്ലാതാക്കുക തുടങ്ങിയവയാണ് ഈ അവതരണംകൊണ്ട് ലക്ഷ്യമിടുന്നത്. കണ്ണൂർ ഇരിട്ടി സ്വദേശിയായ അനീഷ് പെരുമലയന്റെ നേതൃത്വത്തിലുള്ള സംഘമാണ് കളിയാട്ടം അവതരിപ്പിച്ചത്. രമേശ് കോരപ്പത്ത്, കെ. ശശികുമാർ, എ.വി. ശശി തുടങ്ങി നിരവധിയാളുകൾ ചടങ്ങുകൾക്ക് നേതൃത്വം നൽകി. മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ തിരുവില്വാമല പഞ്ചായത്ത് പ്രസിഡന്റ് കെ. പത്മജ അദ്ധ്യക്ഷയായി. ഒറ്റപ്പാലം എം.എൽ.എ അഡ്വ. പ്രേംകുമാർ മുഖ്യാതിഥിയായി. ജനപ്രതിനിധികളും സാംസ്‌കാരിക രംഗത്തെ പ്രമുഖരും സംബന്ധിച്ചു.