
തൃശൂർ : ആഘോഷങ്ങൾക്കിടെ നിരത്തുകളെ ചോരക്കളമാക്കി, നഗരത്തിലും പ്രാന്തപ്രദേശങ്ങളിലുമായി പൊലിഞ്ഞത് എട്ട് ജീവൻ. ക്രിസ്മസ് ദിനത്തിൽ കോലഴിയിൽ പേരക്കുട്ടി ഓടിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വീട്ടമ്മ മരിച്ചപ്പോൾ ഇന്നലെ അരിമ്പൂർ എറവിൽ ദമ്പതികളടക്കം കുടുംബത്തിലെ നാലുപേരും വടക്കാഞ്ചേരിയിൽ രണ്ടും പൂങ്കുന്നത്ത് നിയന്ത്രണം വിട്ട ബൈക്ക് കാറിലിടിച്ച് യുവാവുമടക്കം ഏഴ് പേരാണ് മരിച്ചത്.
ചൂണ്ടലിൽ ടൂറിസ്റ്റ് ബസ് ലോറിയിലിടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റു. എറവിൽ കാറിൽ ബസിടിച്ചുണ്ടായ അപകടത്തിൽ ദമ്പതികളടക്കമുള്ള ഒരു കുടുംബത്തിലെ നാലു പേർക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. സെന്റ് തോമസ് കോളേജിലെ റിട്ട. പ്രൊഫസറും സാമൂഹ്യ പ്രവർത്തകനുമായ വിൻസൻ, ഭാര്യ മേരി , വിൻസണിന്റെ സഹോദരൻ പുളിക്കൽ ജോസഫ് , ഇവരുടെ സഹോദരീ ഭർത്താവ് പൊറത്തൂർ പള്ളിക്കുന്നത്ത് തോമസ് എന്നിവരാണ് മരിച്ചത്.
പൂങ്കുന്നത്ത് ബൈക്ക് നിയന്ത്രണം വിട്ട് കാറിലിടിച്ചാണ് യുവാവ് മരിച്ചത്. മണ്ണുത്തി മുളയം സ്വദേശി തെക്കിനിയത്ത് സനലാണ് (24) മരിച്ചത്. ചൂണ്ടലിൽ പഴഞ്ഞി മണ്ടുമ്പാൽ വിജിൻ (21) പള്ളിക്കര രാധാകൃഷ്ണൻ (51) കൊല്ലം സ്വദേശി പ്രവീൺ (27) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ പുലർച്ചെ രണ്ടോടെ ചൂണ്ടൽ സെന്ററിലായിരുന്നു അപകടം.
മരിച്ചവരിൽ ഭിന്നശേഷിക്കാരനും
ഷൊർണൂർ കൊടുങ്ങല്ലൂർ സംസ്ഥാനപാതയിൽ മൂന്ന് സ്ഥലങ്ങളിൽ നടന്ന അപകടങ്ങളിൽ ഭിന്നശേഷിക്കാരനായ വയോധികൻ ഉൾപ്പെടെ മൂന്ന് പേരാണ് മരിച്ചത്. കോലഴി കാരാമ, വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷൻ, വടക്കാഞ്ചേരി ടൗൺ എന്നിവിടങ്ങളിലാണ് അപകടം നടന്നത്. കോലഴിയിൽ നടന്ന അപകടത്തിൽ മിണാലൂർ ചരുവിള പുത്തൻവീട്ടിൽ ബഷീറിന്റെ ഭാര്യ ആയിഷാബീവിയാണ് ( 64 ) മരിച്ചത്. വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷന് സമീപം എൽ.ഐ.സി ഓഫീസിന് മുന്നിൽ ബസിടിച്ച് യുവാവ് മരിച്ചു. തമിഴ്‌നാട് സ്വദേശി മുരിക്കകുറിശി രാമയ്യയുടെ മകൻ തിരുമുരുകനാണ് (33) മരിച്ചത്. ഇയാൾ ബസിന് മുന്നിലേക്ക് ചാടുകയായിരുന്നു. വടക്കാഞ്ചേരി ടൗണിൽ അമിതവേഗത്തിൽ ദിശ തെറ്റിയെത്തിയ കാർ നിയന്ത്രണം വിട്ട് മുച്ചക്ര സ്‌കൂട്ടറിൽ ഇടിച്ചാണ് ഭിന്നശേഷിക്കാരനായ സ്‌കൂട്ടർ യാത്രികൻ കുമ്പളങ്ങാട് നടുത്തറ മയൂഖം വീട്ടിൽ ബാബു കല്പകവനമാണ് (62) മരണമടഞ്ഞത്.
വിൻസന്റെ വിയോഗം നാടിന് തീരാനഷ്ടം
എറവിലുണ്ടായ വാഹനാപകടത്തിൽ മരിച്ച വിൻസൺ സാമൂഹിക സാംസ്‌കാരിക രംഗത്ത് കർമ്മ നിരതനായിരുന്നു. സെന്റ് തോമസ് കോളേജിൽ നിന്ന് വിരമിച്ച ശേഷം പാലിയേറ്റീവ് പ്രവർത്തനത്തിൽ സജീവമായിരുന്ന വിൻസൺ ആൽഫ പാലിയേറ്റീവ് പ്രവർത്തനത്തിൽ സജീവമായിരുന്നു. അയ്യന്തോൾ ആൽഫ ലിങ്ക് സെന്ററിന്റെ സെക്രട്ടറിയായ അദ്ദേഹം നൂറുകണക്കിന് പേർക്കാണ് സഹായമെത്തിക്കുന്നത്. ക്രിസ്മസ് തലേന്ന് സെന്ററിൽ നടന്ന ക്രിസ്മസ് ആഘോഷത്തിൽ പങ്കെടുത്ത് മടങ്ങിയ വിൻസന്റെ വിയോഗ വാർത്ത ജീവനക്കാരെ ദു;ഖത്തിലാഴ്ത്തി. കഴിഞ്ഞ ദിവസം കാനഡയിൽ നിന്നെത്തിയ മകൾക്ക് ഒപ്പമെത്തിയാണ് ക്രിസ്മസ് ആഘോഷത്തിൽ പങ്കുചേർന്നത്.