സമ്പൂർണ നീന്തൽ പരിശീലന പദ്ധിതിയുമായി ആളൂർ പഞ്ചായത്ത്
കുട്ടികൾക്ക് പ്രോത്സാഹനം നൽകുന്നതിനായി 30ന് മന്ത്രി ഡോ. ആർ. ബിന്ദുവെത്തും
മാള: ആളൂർ പഞ്ചായത്തിൽ ഇനിയാരും നീന്തൽ അറിയാതെ വെള്ളത്തിൽ മുങ്ങില്ല. സമ്പൂർണ നീന്തൽ പരിശീലന പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികളെയടക്കം മുഴുവൻ പേരെയും അഞ്ച് വർഷംകൊണ്ട് നീന്തൽ പഠിപ്പിക്കാൻ ഒരുങ്ങുകയാണ് പഞ്ചായത്ത്. നീന്തൽ പഠിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് കുട്ടികളെ ബോധവത്കരിക്കുന്നതിനും പ്രോത്സാഹനം നൽകുന്നതിനുമായി 30ന് മന്ത്രി ഡോ. ആർ. ബിന്ദുവും നീന്തൽക്കളരിയിലെത്തും. പഞ്ചായത്തിലെ 23 വാർഡുകളിൽ നിന്നായി ഏകദേശം 400 വിദ്യാർത്ഥികൾക്കാണ് ക്രിസ്മസ് അവധിയിൽ പരിശീലനം നൽകുന്നത്. ജനുവരി രണ്ട് വരെയാണ് പരിശീലനം. ഇതിനായി 2022- 23 സാമ്പത്തിക വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി ആവശ്യമായ തുകയും വകയിരുത്തിയിട്ടുണ്ട്. അഞ്ച് വർഷംകൊണ്ട് പഞ്ചായത്തിലെ മുഴുവൻ പേരെയും നീന്തൽ പഠിപ്പിക്കാനാകുമെന്നാണ് കരുതുന്നത്. ആളൂരിലെ പഞ്ഞപ്പിള്ളി പന്തലിച്ചിറയിലും കുഴിക്കാട്ടുശ്ശേരി മഷിക്കുളത്തിലുമാണ് കുട്ടികൾ നീന്താനെത്തുന്നത്. പതിനായിരത്തോളം പേരെ നീന്തൽ പഠിപ്പിച്ചിട്ടുള്ള മൂത്തേടത്ത് ഹരിലാലിന്റെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നത്. പന്തലിച്ചിറയിൽ രാവിലെ 6.30 മുതൽ 7.30 വരെയും മഷിക്കുളത്തിൽ ഉച്ചയ്ക്ക് മൂന്ന് മുതൽ 5.30 വരെയുമാണ് പരിശീലനം. പരിശീലനത്തിനെത്തുന്ന മുഴുവൻ പേർക്കും പഞ്ചായത്ത് പാലും മുട്ടയും നൽകും.
പഞ്ചായത്തിലെ കൊച്ചുകുട്ടികൾ മുതൽ മുഴുവൻ പേർക്കും അഞ്ചു വർഷത്തിനുള്ളിൽ ജല സാക്ഷരത നൽകുകയാണ് ലക്ഷ്യം. കേരളത്തിന് മുഴുവൻ മാതൃകയാക്കാവുന്ന പദ്ധതിയാണ് നടന്നുവരുന്നത്. വലിയ ജനപിന്തുണയാണ് പഞ്ചായത്തിന് അകത്തുനിന്നും പുറത്തുനിന്നുമായി പദ്ധതിയ്ക്ക് ലഭിക്കുന്നത്.
- കെ.ആർ. ജോജോ
പഞ്ചായത്ത് പ്രസിഡന്റ്
കഴിഞ്ഞ 17 വർഷമായി നീന്തൽ പരിശീലിപ്പിക്കുന്നുണ്ട്. നിലയില്ലാത്ത വെള്ളത്തിൽ ടയർ ട്യൂബിന്റെ സഹായത്തോടെ മണിക്കൂറുകൾ കൊണ്ടാണ് ഓരോരുത്തരെയും നീന്തൽ പഠിപ്പിക്കുന്നത്.
- മൂത്തേടത്ത് ഹരിലാൽ
പരിശീലകൻ