1

തൃശൂർ: നഗരത്തെ ചുവപ്പണിയിച്ച് പതിനായിരം പാപ്പമാരിറങ്ങി, വിസ്മയമായി ബോൺ നത്താലെ. ആട്ടവും പാട്ടുമായി പാപ്പമാർ സ്വരാജ് റൗണ്ടിന് ചുറ്റും അണിനിരന്നപ്പോൾ ഒപ്പം ചേർന്നത് ആയിരക്കണക്കിനുപേർ.

കൊവിഡ് മൂലം രണ്ടുവർഷം ബോൺ നത്താലെ നടന്നിരുന്നില്ല. ഈ ഇടവേളയുടെ ക്ഷീണം തീർക്കുന്നതായി ഇക്കുറി പാപ്പാമാരുടെ സംഗമം. പതിനായിരം ക്രിസ്മസ് പാപ്പമാരും ആയിരത്തോളം മാലാഖമാരും, സ്‌കേറ്റിംഗ് പാപ്പമാർ, ബൈക്ക് പാപ്പമാർ, വീൽചെയർ പാപ്പമാർ എന്നിവരും ബോൺ നത്താലെയിൽ അണിനിരന്നു.

വിവിധ ഇടവകകളിൽ നിന്നെത്തിയ പാപ്പമാർ നഗരത്തിൽ ക്രിസ്മസ് ഗാനങ്ങൾക്കൊപ്പം ചുവടുകൾ വച്ചു. സെന്റ് തോമസ് കോളേജിൽ നിന്നാരംഭിച്ച് സെന്റ് തോമസ് കോളജിൽ തന്നെ അവസാനിക്കുന്ന തരത്തിലായിരുന്നു ഘോഷയാത്ര. കേരളത്തിന്റെയും തൃശൂരിന്റെയും തനിമ വിളിച്ചോതുന്ന നിശ്ചല ദൃശ്യങ്ങൾ, മുന്നൂറോളം യുവാക്കൾ ചേർന്നവതരിപ്പിച്ച ചലിക്കുന്ന ക്രിസ്മസ് കൂട് എന്നിവ ആകർഷകമായി. ബോൺ നത്താലെയുടെ ഭാഗമായി പത്തു നിർദ്ധന കുടുംബങ്ങൾക്ക് വീട് പണിത് നൽകുന്നുണ്ട്.

ആയിരക്കണക്കിനു പാപ്പാമാർ അണിനിരന്ന ബോൺ നത്താലെ ഘോഷയാത്രയെ ഒല്ലൂർ പുനർജനിയിലെ മാലാഖമാർ മുൻനിരയിൽ നിന്ന് നയിച്ചു. ശരീരം തളർന്നെങ്കിലും തളരാത്ത മനസുമായി അവർ പാപ്പാവേഷധാരികളായി വീൽചെയറിൽ അണിനിരന്നു. സംഗീതത്തിനൊപ്പം വീൽചെയറിൽ അവർ കാഴ്ചവച്ച പ്രകടനങ്ങൾ അത്ഭുതപ്പെടുത്തി. ഇവരുടെ വീൽചെയർ തള്ളിനടന്നവരും പാപ്പാവേഷമണിഞ്ഞ് ആവേശത്തിലായിരുന്നു. ഇവർക്കു പിന്നിലായാണ് ഘോഷയാത്രയിൽ പ്രമുഖർ അണിനിരന്നത്.

മന്ത്രി കെ. രാജൻ, മേയർ എം.കെ. വർഗീസ്, കളക്ടർ ഹരിത വി. കുമാർ, ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്, സ്വാമി തത്വമയാനന്ദ, ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ജോസഫ് ടാജറ്റ്, ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ, യു.ഡി.എഫ് ജില്ലാ ചെയർമാൻ എം.പി. വിൻസെന്റ്, സി.വി. കുര്യാക്കോസ്, കൗൺസിലർ ബീന മുരളി എന്നിവർ പങ്കെടുത്തു.