class

ചാലക്കുടി: റോഡ് സുരക്ഷാ ബോധവത്കരണത്തിന്റെ ഭാഗമായി തൃശൂർ റൂറൽ പൊലീസിന്റെ നേതൃത്വത്തിൽ ബോധവത്കരണ കാമ്പെയിന് തുടക്കംകുറിച്ചു. ചാലക്കുടിയിൽ നിന്നും അതിരപ്പിള്ളിയിലേയ്ക്ക് സൈക്കിൾ റാലി സംഘടിപ്പിച്ചാണ് പദ്ധതിക്ക് തുടക്കമിട്ടത്. ചാലക്കുടിയിൽ നിന്നും അതിരപ്പിള്ളിയിലേയ്ക്കും തിരിച്ചും നടന്ന റാലിയിൽ നൂറോളം സന്നദ്ധ പ്രവർത്തകർ പങ്കെടുത്തു. മോട്ടാർ വാഹന വകുപ്പ്, തദ്ദേശ സ്ഥാപനങ്ങൾ എന്നിവയും പങ്കാളികളായി. റോഡ് സുരക്ഷയുടെ ഭാഗമായി ഹെൽമെറ്റ് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത, ട്രാഫിക് നിയമം പാലിക്കൽ എന്നിവയ്ക്ക് പ്രാധാന്യം നൽകലായിരുന്നു ലക്ഷ്യം. സമാപന സമ്മേളനം എം.എൽ.എ സനീഷ് കുമാർ ജോസഫ് ഉദ്ഘാടനം ചെയ്തു. തൃശൂർ റേഞ്ച് ഡി.ഐ.ജി പുട്ട വിമലാദിത്യ അദ്ധ്യക്ഷത വഹിച്ചു. റാലിയിൽ പങ്കെടുത്തവർക്കുള്ള മെഡലുകൾ എം.എൽ.എ കൈമാറി. തൃശൂർ സിറ്റി പൊലീസ് മേധാവി അങ്കിത് അശോകൻ മുഖ്യാതിഥിയായി. നഗരസഭ ചെയർമാൻ എബി ജോർജ്, ആർ.ടി.ഒ. പി.എൻ.ശിവൻ, ഡിവൈ.എസ്.പി സി.ആർ സന്തോഷ്, ഡോ.ബിനോയ് എന്നിവർ സംസാരിച്ചു.