ചേർപ്പ് ചൊവ്വൂരിൽ ഫർണിച്ചർ നിർമ്മാണ ശാലയിലുണ്ടായ തീപിടിത്തം
ചേർപ്പ്: ചെവ്വൂരിലെ ഫർണിച്ചർ നിർമ്മാണശാലയ്ക്ക് തീപിടിച്ചു. ചെവ്വൂർ പാമ്പാൻ തോടിന് സമീപം ജോർജ് ആൻഡ് സൺസ് ഉടമ സെബി ആഴ്ചങ്ങാടന്റെ ഉടമസ്ഥതയിലുള്ള ഫർണിച്ചർ നിർമാണശാലയ്ക്കാണ് തീ പിടിച്ചത്. ഇന്നലെ രാവിലെ 6.30 ഓടെയായിരുന്നു തീപിടിത്തമുണ്ടായത്. തൃശൂർ, പുതുക്കാട് എന്നിവടങ്ങളിൽ നിന്നെത്തിയ ഫയർഫോഴ്‌സും നാട്ടുകാരും ചേർന്നാണ് തീയണച്ചത്. വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഫർണിച്ചർ ശാലയിലെ ഇലക്ട്രിക് യന്ത്രങ്ങൾ, മര ഉരുപ്പടികൾ തുടങ്ങിയവ പൂർണമായും കത്തിനശിച്ചു. അഞ്ച് ലക്ഷത്തോളം രൂപ നഷ്ടം സംഭവിച്ചിട്ടുണ്ട്.
കൊടുങ്ങല്ലൂരിൽ വീട്ടിൽ അഗ്‌നിബാധ
കൊടുങ്ങല്ലൂർ: ലോകമലേശ്വരം 42-ാം വാർഡിൽ അമ്പാട്ട് ചന്ദ്രമതിയുടെ വീട്ടിലുണ്ടായ അഗ്‌നിബാധ ഒഴിവായത് തലനാരിഴയ്ക്ക്. ഗുരുദേവ നഗർ തനിമ പ്രവർത്തകരുടെ സമയോചിതമായ ഇടപെടൽ മൂലമാണ് വൻ ദുരന്തം ഒഴിവായത്. തനിമ ഗുരുദേവ നഗർ ഗ്രാമോത്സവത്തിന്റെ ധനശേഖരണാർത്ഥം വീടുകളിൽ സമ്പർക്കം നടത്തുകയായിരുന്ന പ്രവർത്തകർ ചന്ദ്രമതിയമ്മയുടെ വീടിന്റെ പിറകുവശത്തു നിന്നും ഉയരുന്ന പുക കണ്ട് നോക്കിയപ്പോഴാണ് തീയാണെന്ന് അറിഞ്ഞത്.
വാഷിംഗ് മെഷീനിൽ നിന്നുള്ള ഷോർട്ട് സർക്യൂട്ടാണ് തീ പടരാൻ കാരണമെന്ന് പറയുന്നു. ഉടൻതന്നെ തനിമ പ്രവർത്തകരായ സന്ദീപ്, ഷിനിൽ, സജീവൻ എന്നിവരുടെ നേതൃത്വത്തിൽ തീയണയ്ക്കുകയും വൈദ്യുതി വിച്ഛേദിക്കുകയും ചെയ്തു. വീട്ടിലെ മറ്റു വസ്തുക്കൾക്കൊന്നും നാശനഷ്ടം സംഭവിച്ചിട്ടില്ല.
പൂച്ചിന്നിപ്പാടത്ത് നിറുത്തിയിട്ട ബൈക്കിന് തീപിടിച്ചു
ചേർപ്പ്: പൂച്ചിന്നിപ്പാടത്ത് റോഡരികിൽ നിറുത്തിയിട്ടിരുന്ന ബൈക്കിന് തീപിടിച്ചു. വെങ്ങിണിശ്ശേരി സ്വദേശി അഭിജിത്തിന്റെ ബൈക്കിനാണ് ഇന്നലെ വൈകിട്ട് നാലോടെ തീപിടിച്ചത്. കടയിൽ കയറി തിരിച്ചുവരുമ്പോഴാണ് ബൈക്കിൽ നിന്ന് പുക ഉയരുന്നത് കണ്ടത്. പിന്നീട് ആളിക്കത്തിയ തീ സമീപത്തെ വ്യാപാരികളും നാട്ടുകാരും ചേർന്നാണ് അണച്ചത്. ബൈക്കിന്റെ ഇലക്ട്രിക് ഉപകരണങ്ങൾ പൂർണമായും നശിച്ചു.