l

തൃശൂർ : മദ്യലഹരിയിൽ യുവാവ് തലയ്ക്കടിയേറ്റ് മരിച്ച സംഭവത്തിൽ സുഹൃത്ത് പിടിയിൽ. പേരാമംഗലം പുറ്റേക്കര അരുൺലാൽ (38) കൊല്ലപ്പെട്ട കേസിലാണ് പടിഞ്ഞാറെക്കോട്ട ചിറയത്ത് ടിനു (37) അറസ്റ്റിലായത്.

ഡിസംബർ 26ന് രാത്രി പത്തരയോടെയാണ് പുറ്റേക്കര ഇടവഴിയിൽ മൃതദേഹം കണ്ടത്. ശരീരത്തിലും മുഖത്തും മർദ്ദനമേറ്റ പാടുണ്ടായിരുന്നു. പോസ്റ്റ്‌മോർട്ടത്തിലാണ് കൊലപാതകം സ്ഥിരീകരിച്ചത്.

പ്രണയം തടസ്സപ്പെടുത്താൻ ശ്രമിച്ചെന്ന പകയിലാണ് കൊലപാതകം നടത്തിയത്.

യുവതിയെ പ്രണയിക്കുന്ന വിവരം അരുൺലാലിനോട് ടിനു പറഞ്ഞിരുന്നു. അരുൺലാലിന്റെ പരിചയക്കാരിയായ യുവതി, കണ്ടതായി ഭാവിക്കാത്തത്, അരുൺലാലിന്റെ ഇടപെടൽ മൂലമാണെന്ന് ടിനു തെറ്റിദ്ധരിച്ചു. അത് വൈരാഗ്യമായി മാറി. മരണപ്പെട്ട ദിവസം ഏറെ വൈകിയും അരുൺലാൽ ബാറിലിരുന്ന് മദ്യപിക്കുന്നത് കണ്ടെത്തിയിരുന്നു. ലക്കുകെട്ട് തൃശൂരിലെ റോഡരികിൽ നിൽക്കുകയായിരുന്ന ഇയാളുടെ അടുത്തേക്ക് ടിനു ബൈക്കിലെത്തുകയും വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോവുകയുംചെയ്തു. അയാളുടെ വീട് എത്തുന്നതിന് മുമ്പേ റോഡിൽ ഇറക്കിവിട്ട് മർദ്ദിക്കുകയായിരുന്നു. അറസ്റ്റിലായ ടിനു, കിഴക്കേക്കോട്ടയിലെ ബേക്കറി ജീവനക്കാരനാണ്.

അരുൺലാലിന്റെ സ്വഭാവം മനസിലാക്കിയ പൊലീസ് സംഘം ബാറുകളിൽ നടത്തിയ അന്വേഷണമാണ് ടിനുവിലേക്കെത്താൻ സഹായിച്ചത്.

പേരാമംഗലം ഇൻസ്‌പെക്ടർ വി.അശോകകുമാറും കമ്മിഷണറുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘവും ചേർന്നാണ് അറസ്റ്റ് ചെയ്തത്.