കൊടുങ്ങല്ലൂർ: കോട്ടപ്പുറത്ത് ഭീതി പരത്തി തെരുവ് നായയുടെ ആക്രമണം. നെറ്റിയിൽ പൊട്ടുള്ള വെള്ളനിറമുള്ള നായയാണ് ഇന്നലെ രാവിലെ മുതൽ പ്രദേശത്ത് ആക്രമണം അഴിച്ചുവിട്ടത്. പ്രഭാത സവാരിക്കിറങ്ങിയ വയോധികയെ കടിച്ച് പരിക്കേൽപ്പിച്ചായിരുന്നു തുടക്കം. വളർത്തുമൃഗങ്ങളെയും അക്രമിച്ചു. കോട്ടപ്പുറം പാലപ്പറമ്പിൽ എൽസി (78) യെയാണ് നായ പരിക്കേൽപ്പിച്ചത്. ഇവർ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. കോട്ടപ്പുറം പ്രദേശത്ത് നിരവധി പൂച്ചകളെയും നായ ആക്രമിച്ചു. ഇതിൽ കടിയേറ്റ ചില പൂച്ചകൾ തത്ക്ഷണം മരിച്ചു. മറ്റ് നായകളെയും കടിച്ച് പരിക്കേൽപ്പിച്ചിട്ടുണ്ട്. സ്‌കൂളിലേക്ക് പോകുകയായിരുന്ന വിദ്യാർത്ഥിയുടെ ബാഗ് കടിച്ചുകീറിയ നായ വഴിയാത്രക്കാരുടെ വസ്ത്രങ്ങളും കടിച്ചു നശിപ്പിച്ചു. മണിക്കൂറുകളോളം പരിഭ്രാന്തി സൃഷ്ടിച്ച നായയെ തളിക്കുളം അനിമൽ കെയർ സൊസൈറ്റി പ്രവർത്തകരെത്തി വൈകിട്ടോടെ പിടികൂടി. ഏതാനും മാസങ്ങൾക്ക് മുമ്പ് കൊടുങ്ങല്ലൂരിൽ അലഞ്ഞുതിരിയുന്ന നായ്ക്കളുടെ ആക്രമണം വ്യാപകമായിരുന്നു. ഇതിനെ തുടർന്ന് തെരുവുനായ്ക്കക്കൾക്ക് വന്ധ്യംകരണം നടത്തിയിരുന്നു. എന്നിട്ടും പ്രദേശം വീണ്ടും തെരുവ് നായ്ക്കൾ കൈയ്യടക്കുന്ന സ്ഥിതിയാണ്.