 
തൃശൂർ: കേരളവർമ കോളേജിലെ മുൻകാല എസ്.എഫ്.ഐ പ്രവർത്തകരുടെ സംഗമം 'സഖാവെട്ട'ത്തിന് സമാപനം. സെമിനാറുകൾ, പ്രഭാഷണങ്ങൾ, കലാപരിപാടികൾ തുടങ്ങി ക്യാമ്പസുകളെ പുരോഗമനപാതയിലേക്ക് നയിക്കുന്നതായി രണ്ടുദിവസങ്ങളിലായി കേരളവർമയിൽ നടന്ന സഖാക്കളുടെ സംഗമം. സെമിനാർ പ്രൊഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. ശ്രീനാരായണഗുരു സർവകലാശാല രജിസ്ട്രാർ ഡിമ്പി ദിവാകരൻ അദ്ധ്യക്ഷനായി. ഡോ. കെ.എൻ. ഗണേശ്, ഡോ. ടി.കെ. നാരായണൻ, ഡോ. കെ. പ്രദീപ്കുമാർ എന്നിവർ വിഷയം അവതരിപ്പിച്ചു. 'കനലൊലി' കാവ്യാഞ്ജലി ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സി. രവുണ്ണി അദ്ധ്യക്ഷനായി.
സുധാമൻ സുബ്രഹ്മണ്യന്റെ ലയ വിന്യാസവും പി.കെ. സുനിലിന്റെ മ്യൂസിക്ക് സോളോയും കേൾവിക്കാർക്ക് വേറിട്ട സംഗീതവിരുന്നായി. രാത്രി 7.30ന് കേരളവർമ ക്യാമ്പസിനെയാകെ പ്രകമ്പനം കൊള്ളിച്ച് വടകര നിധീഷ് പെരുവണ്ണാനും സംഘവും അവതരിപ്പിച്ച ഘണ്ടാകർണൻ തെയ്യം ഉണ്ടായിരുന്നു.