appa

ചേലക്കര: അപ്പച്ചൻ കുട്ടിക്ക് കണ്ടുപിടുത്തം കുട്ടിക്കളിയല്ല. ഒരു കാര്യത്തിന് പിന്നാലെ പോയാൽ സ്ഥലം വരെ വിറ്റ് അതിന് കാശു മുടക്കും. ചേലക്കര പുലാക്കോട് പുതുപറമ്പിൽ ജോസഫ് എന്ന അപ്പച്ചൻ കുട്ടിക്ക് എട്ടാം ക്ലാസ് വിദ്യാഭ്യാസമേയുള്ളൂ. പക്ഷേ ആ കണ്ടുപിടുത്തങ്ങൾ അത്ര നിസാരമല്ല. റബ്ബർ ടാപ്പർ, ചിരവ, കത്തി മൂർച്ച കൂട്ടൽ മിഷ്യൻ തുടങ്ങി പലതുമുണ്ട് അക്കൂട്ടത്തിൽ.

ചെറുപ്പത്തിൽ കുറച്ചു കാലം റേഡിയോ റിപ്പയർ കടയിൽ പോയി പരിശീലനം നടത്തി. തുടർന്ന് കോയമ്പത്തൂരിൽ പാനസോണിക് സ്ഥാപനത്തിലായി ജോലി. നാട്ടിലെത്തി കർഷകനായി ജീവിതം തുടരുന്നതിനിടയിലാണ് റബ്ബർ വെട്ടാൻ ഒരു ടാപ്പിംഗ് യന്ത്രമുണ്ടെങ്കിൽ പണി എളുപ്പമാകുമല്ലോ എന്നു വിചാരിച്ചത്.

പിറ്റേന്ന് മുതൽ അതുണ്ടാക്കാനുള്ള പരീക്ഷണം തുടങ്ങി. ഓരോന്നുണ്ടാക്കി പത്താമത്തെ വർഷം റബ്ബർ ടാപ്പ് ചെയ്യാനുള്ള റബ്ബർ ടാപ്പർ എന്ന ഇലക്ട്രിക് ഉപകരണം ഉണ്ടാക്കിയെടുത്തു. മാത്രമല്ല ഇന്റർ നാഷണൽ തലത്തിൽ ആറ് രാജ്യങ്ങളിൽ നിന്നുമുള്ള പേറ്റന്റും നേടി.

12 വോൾട്ട് ഡി.സി കറണ്ട് ഉപയോഗിച്ച് പ്രവർത്തിക്കുന്ന റബ്ബർ ടാപ്പർ ഉപയോഗിച്ച് ഒറ്റച്ചാർജിൽ നാനൂറ്റി അമ്പത് റബർ മരങ്ങൾ ടാപ്പ് ചെയ്യാം. സമയവും ലാഭിക്കാം.

ഉപയോഗിക്കാനും എളുപ്പം. പിന്നീട് നടത്തിയ കണ്ടുപിടുത്തങ്ങളാണ് ഇലക്ട്രിക് ചിരവയും, കത്തി മൂർച്ച കൂട്ടുന്ന യന്ത്രവും. ആർക്കും അനായാസം ഇരുന്ന് തേങ്ങ ചിരകാവുന്ന യന്ത്രമാണ് ഉണ്ടാക്കിയത്. അടുക്കളയിൽ ഏറ്റവും ഉപകാരമുള്ള ഒന്നായ കത്തി മൂർച്ച കൂട്ടാനുള്ള ഉപകരണമാണ് മറ്റൊന്ന്. ഒരു ചാലിലൂടെ കത്തി ഒന്നു വലിച്ചെടുത്താൽ നല്ല മൂർച്ച കിട്ടും. ഈ രണ്ട് യന്ത്രവും 12 വോൾട്ട് ഡി.സി കറണ്ടിൽ പ്രവർത്തിക്കും. അനായാസം എവിടെയും കൊണ്ടുനടക്കാം. ഇവയ്ക്ക് ഡിസൈനിംഗിനുള്ള രജിസ്‌ട്രേഷനുമെടുത്തു. പല പരീക്ഷണങ്ങൾക്കും കണ്ടുപിടുത്തങ്ങൾക്കുമായി ലക്ഷങ്ങൾ നഷ്ടപ്പെടുത്തിയിട്ടുണ്ട്. പക്ഷേ ഇന്നും വീട്ടുകാരെല്ലാം പൂർണപിന്തുണയാണ് ജോസഫ് എന്ന അപ്പച്ചൻ കുട്ടിക്ക് നൽകുന്നത്.