തൗഫീഖ് റഹ്മാൻ
കൊടുങ്ങല്ലൂർ: രോഗീ പരിചരണത്തിന് പണം സ്വരൂപിക്കാൻ നാലു മണി പലഹാരമായ ആലുവ സ്‌പെഷ്യൽ ഇറച്ചിയും പത്തിരിയും സ്‌കൂൾ പരിസരത്തെ വഴിയരികിൽ വിറ്റ് തൗഫീഖ് കണ്ടെത്തിയത് 6,440 രൂപ. അഴീക്കോട് സീതി സാഹിബ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ തൗഫീഖ് റഹ്മാൻ തന്റെ പോക്കറ്റ് മണി ഉപയോഗിച്ചും ബന്ധുക്കളിൽ നിന്ന് ശേഖരിച്ച തുക ഉപയോഗിച്ചുമായിരുന്നു എറിയാട്ടെ പാലിയേറ്റീവ് കെയറിനുള്ള ഫണ്ട് ശേഖരണ പരിപാടി സംഘടിപ്പിച്ചത്. അഴീക്കോട് കൊങ്ങലശ്ശേരി ഹാരിസ് - റംലത്ത് ദമ്പതികളുടെ മകനായ തൗഫീഖ് സ്റ്റുഡന്റ്‌സ് അസോസിയേഷൻ പാലിയേറ്റീവ് കെയർ അംഗമാണ്. എറിയാട് ജി.കെ.വി.എച്ച്.എസ് ഹയർ സെക്കൻഡറി, അഴീക്കോട് സീതി സാഹിബ് ഹയർ സെക്കൻഡറി എന്നീ സ്‌കൂളുകളിലെ എൻ.എസ്.എസ് വോളണ്ടിയർമാർക്ക് വേണ്ടി ആൽഫ പാലയേറ്റീവ് കൊടുങ്ങല്ലൂർ ലിങ്ക് സെന്റർ സംഘടിപ്പിച്ച ബോധവത്കരണ ക്ലാസിൽ ഈ തുക കൈമാറി. ആൽഫ പാലയേറ്റീവ് കെയർ ചീഫ് ഡോ. ജോസ് ബാബു, കരീം വേണാട്ട്, ഇ.വി. രമേശൻ, സി.എസ്. തിലകൻ, പി.കെ. റഹിം എന്നിവർ സംബന്ധിച്ചു.