
വെട്ടുകാട്: സുഹൃത്തിന്റെ മരണാനന്തരച്ചടങ്ങുമായി ബന്ധപ്പെട്ടെത്തിയ വയോധികൻ തേനീച്ച കുത്തേറ്റ് മരിച്ചു. വെളപ്പായ അവണൂർ സ്വദേശി മച്ചിങ്ങൽ വീട്ടിൽ മണി നായരാണ് (72) തേനീച്ച കുത്തേറ്റ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെയായിരുന്നു സംഭവം.
വെട്ടുകാട് ചെമ്മരട്ട റോഡിൽ നമ്പീട്ടിയത്ത് കണ്ണൻ നായരുടെ മരണാനന്തരച്ചടങ്ങുമായെത്തിയതായിരുന്നു മണി നായരും ഭാര്യ ശാരദയും. തുടർന്ന് മരണവീട്ടിലേക്ക് നടന്നുപോകുന്നതിനിടെ തേനീച്ചകൾ അക്രമിച്ചു. പ്രായാധിക്യം മൂലം നടക്കാൻ ബുദ്ധിമുട്ടിയിരുന്ന മണി നായർ തേനീച്ച കുത്തേറ്റ് വീണു. തുടർന്ന് തീ കത്തിച്ചാണ് തേനീച്ചക്കൂട്ടത്തെ ഓടിച്ചത്.
ഉടനെ ജില്ല ആശുപത്രിയിലെത്തിച്ചെങ്കിലും ഒന്നോടെ മരണം സംഭവിച്ചു. ഇയാളുടെ ഭാര്യ ശാരദയ്ക്കും പ്രദേശത്തുള്ള മറ്റ് അഞ്ചോളം പേർക്കും കുത്തേറ്റു. ഇവരുടെ പരിക്ക് മാരകമല്ല. സംസ്‌കാരം പിന്നീട് നടക്കും. മക്കൾ: പരേതനായ രാധാകൃഷ്ണൻ, രാജേഷ്, രമേഷ്. മരുമക്കൾ: മിനി, ജയശ്രീ.