വാടാനപ്പിള്ളി: പഞ്ചായത്തിലെ കിഴക്കേ ടിപ്പുസുൽത്താൻ റോഡിലെ മേപ്രങ്ങാട്ട് ക്ഷേത്രത്തിന് സമീപമുള്ള പി.ഡബ്ല്യു.ഡി റോഡിന്റെ ശോചനീയാവസ്ഥക്കെതിരെ പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഭാസിയുടെ നേതൃത്വത്തിൽ പി.ഡബ്ല്യു.ഡി റോഡ് വിഭാഗം ചാവക്കാട് അസി. എക്‌സിക്യൂട്ടീവ് എൻജിനിയർക്ക് നേരിട്ട് പരാതി നൽകി. കഴിഞ്ഞ ദിവസം ബൈക്ക് യാത്രികന് അപകടം ഉണ്ടായതിനെ തുടർന്നാണ് പരാതി. കഴിഞ്ഞ കുറേ മാസങ്ങളായി കിഴക്കേ ടിപ്പുസുൽത്താൻ റോഡിന്റെ വാടാനപ്പിള്ളി പഞ്ചായത്തിലെ ഭാഗങ്ങൾ പൊട്ടിപ്പൊളിഞ്ഞ് സഞ്ചാരയോഗ്യമല്ലാതെ കിടക്കുകയാണ്.

റോഡിന്റെ ഭൂരിഭാഗവും പൊട്ടിപ്പൊളിഞ്ഞ് പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടുന്ന സ്ഥിതിയാണ്. പൊടിശല്യവും രൂക്ഷമാണ്. പഞ്ചായത്തംഗമുൾപ്പടെ നിരവധി വ്യക്തികൾക്ക് റോഡിൽ വീണ് അപകടം സംഭവിച്ചിട്ടുണ്ട്. നിരവധി പരാതികൾ ലഭിച്ചിട്ടും ഇക്കാര്യത്തിൽ തുടർനടപടി സ്വീകരിക്കാത്തതിനാലാണ് ഭരണസമിതി നേരിട്ട് പരാതി കൊടുക്കാൻ ഇടയായത്. അടിയന്തരമായി റോഡ് റീ ടാറിംഗ് നടത്തി ഗതാഗതയോഗ്യമാക്കണമെന്നും റീ ടാറിംഗ് നടപടികൾ സാദ്ധ്യമല്ലെങ്കിൽ എത്രയും വേഗം കുഴിയടക്കൽ പോലുള്ള അറ്റകുറ്റപ്പണികൾ യുദ്ധകാലടിസ്ഥാനത്തിൽ പൂർത്തിയാക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.എം. നിസാർ, എ.എസ്. സബിത്ത്, സന്തോഷ് പണിക്കശ്ശേരി, ദിൽ ദിനേശൻ എന്നിവർ സംബന്ധിച്ചു.