rod
ഇരിങ്ങാലക്കുട കെ.എസ്.ആർ.ടി.സി ഡിപ്പോ റോഡ് മന്ത്രി ആർ. ബിന്ദു ഉദ്ഘാടനം ചെയ്യുന്നു.

ഇരിങ്ങാലക്കുട: നഗരവുമായി ബന്ധപ്പെടുത്തി കെ.എസ്.ആർ.ടി.സിയുടെ പ്രാദേശിക സർക്കുലർ സർവീസിനുള്ള സാദ്ധ്യത പരിശോധിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു അറിയിച്ചു. എം.എൽ.എയുടെ 2022- 23 വർഷത്തെ ആസ്തി വികസന ഫണ്ടിൽ നിന്ന് 15 ലക്ഷം ചെലവിൽ നിർമ്മിച്ച കെ.എസ്.ആർ.ടി.സി ഡിപ്പോ റോഡ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ഗ്രാമവണ്ടി പോലുള്ള പദ്ധതികൾ പഞ്ചായത്തുകളുടെ സഹകരണത്തോടെ ചെയ്യാനാകുമെന്നും മന്ത്രി പറഞ്ഞു. ഇരിങ്ങാലക്കുടയിൽ നിന്ന് മലക്കപ്പാറ, മൂന്നാർ, വയനാട് തുടങ്ങിയ വിനോദ കേന്ദ്രങ്ങളിലേയ്ക്കുള്ള സർവീസിനും പമ്പ സ്പെഷ്യൽ യാത്രയ്ക്കും മികച്ച പ്രതികരണം ലഭിച്ചെന്നും പറഞ്ഞു. മുൻസിപ്പൽ ചെയർപേഴ്സൺ സോണിയ ഗിരി അദ്ധ്യക്ഷയായ ചടങ്ങിൽ പൊതുമരാമത്ത് എ.ഇ.ഇ റാബിയ പി.പി റിപ്പോർട്ട് അവതരിപ്പിച്ചു. എറണാകുളം സോണൽ ഓഫീസർ കെ.ടി സെബി, വാർഡ് കൗൺസിലർ അമ്പിളി ജയൻ, കെ.എസ്.ആർ.ടി.സി ഇൻസ്പെക്ടർ ഇൻചാർജ് കെ.എസ്. രാജൻ എന്നിവർ പ്രസംഗിച്ചു.

മാപ്രാണം- നന്തിക്കര റോഡ് നവീകരണത്തിന് 15.30 കോടിയുടെ ഭരണാനുമതി

മാപ്രാണം: മാപ്രാണം - നന്തിക്കര റോഡ് നവീകരണത്തിന് നബാർഡ് ധനസഹായത്തോടെ 15.30 കോടിയുടെ ഭരണാനുമതി ഉത്തരവായതായി മന്ത്രി ഡോ. ആർ. ബിന്ദു. 2022- 23 ലെ നബാർഡ് ആർ.ഐ.ഡി.എഫ് പദ്ധതിയിലുൾപ്പെടുത്തിയാണ് തുക അനുവദിച്ചിരിക്കുന്നത്. പദ്ധതി മുഖാന്തരം സംസ്ഥാനത്ത് നവീകരണത്തിനായി ആകെ അനുവദിക്കപ്പെട്ട ആറ് റോഡുകളിൽ ഒന്നാണ് മാപ്രാണം- നന്തിക്കര റോഡ്. ബി.എം ആൻഡ് ബി.സി നിലവാരത്തിലുള്ള ടാറിംഗ്, ആവശ്യമായിട്ടുള്ള സ്ഥലങ്ങളിൽ വീതി കൂട്ടൽ, കാനകളുടെയും കൾവർട്ടുകളുടെയും നിർമ്മാണം, ട്രാഫിക് സുരക്ഷാ സംവിധാനങ്ങൾ, സംരക്ഷണ ഭിത്തി നിർമ്മാണം തുടങ്ങിയ പ്രവൃത്തികൾ നവീകരണത്തിന്റെ ഭാഗമായി നടക്കുമെന്നും മന്ത്രി വ്യക്തമാക്കി.