1

തൃശൂർ: അഞ്ചു കൊല്ലം മുമ്പ്, പാർക്കിൻസൺസ് രോഗം മൂലം വിറയാർന്ന കൈകൾ ചേർത്തുപിടിച്ച് പെലെ ഒപ്പിട്ടു നൽകിയ സ്വന്തം ജേഴ്‌സി നിധി പോലെ സൂക്ഷിക്കുകയാണ് തൃശൂർ കാൽഡിയൻ സിറിയൻ ഹയർ സെക്കൻഡറി സ്‌കൂൾ. 2017 നവംബറിൽ പെലെയുടെ കൊൽക്കത്ത സന്ദർശനവേളയിലാണ് സ്‌കൂളധികൃതർ ബ്രസീലിയൻ ജേഴ്‌സി സ്വന്തമാക്കിയത്.

കൽദായ സുറിയാനി സഭയുടെ എപ്പിസ്‌കോപ്പ ഡോ.മാർ യോഹന്നാൻ യോസെഫ് തിരുമേനിയുടെ ശ്രമഫലമായി ലഭിച്ച ജേഴ്‌സി കാണാൻ ഇന്നലെ സ്‌കൂളിൽ നിരവധി പേരെത്തി. തിരുമേനിയുടെ ബന്ധു സിസിൽ ആന്റണി, പെലെയുടെ കൊൽക്കത്ത സന്ദർശനത്തിന്റെ മുഖ്യ സംഘാടകരിൽ ഒരാളായിരുന്നു. തിരുമേനിയുടെ അഭ്യർത്ഥനപ്രകാരം സിസിൽ പെലെയുമായി സംസാരിച്ചാണ് ജേഴ്‌സി ഒപ്പിട്ടു വാങ്ങിയത്.

പാർക്കിൻസൺസ് കലശലായതിനാൽ ബുദ്ധിമുട്ടി മിനിറ്റുകളെടുത്താണ് ഒപ്പിട്ടു കൊടുത്തത്. തൃശൂരിലെത്തിയ ഉടൻ തിരുമേനി സ്‌കൂളിന് കൈമാറിയ ജേഴ്‌സി പ്രിൻസിപ്പലിന്റെ മുറിയിൽ ഫ്രെയിമിട്ട് സൂക്ഷിച്ചിരിക്കുകയാണ്. 'ഫുട്ബാൾ ദൈവം' മറഡോണ കൈയൊപ്പിട്ട ഫുട്ബാളും സ്‌കൂളിലുണ്ട്. പെലെയുടെയും മറഡോണയുടെയും ജന്മദിനമായ ഒക്ടോബർ 23നും 30നും സ്‌കൂളിൽ പ്രത്യേക പരിപാടികളും നടത്താറുണ്ട്.

പെലെയുടെ വേർപാട് അറിഞ്ഞത് മുതൽ സ്‌കൂൾ വിദ്യാർത്ഥികൾക്ക് പുറമെ നിരവധി പേർ ജേഴ്‌സി കാണാനെത്തി. പലർക്കും അത്ഭുതവും കൗതുകവുമായിരുന്നു.

ഡോ.അബി പോൾ
പ്രിൻസിപ്പൽ, കാൽഡിയൻ സ്‌കൂൾ.