1

തൃശൂർ: ട്രെയിനിൽ കടത്താൻ ശ്രമിച്ച എട്ട് കിലോ 130 ഗ്രാം കഞ്ചാവ് റെയിൽവേ പൊലീസ് പിടികൂടി. ധൻബാദ് എക്‌സ്പ്രസിൽ നിന്നാണ് ബാഗിൽ സൂക്ഷിച്ചിരുന്ന കഞ്ചാവ് പിടികൂടിയത്. കഞ്ചാവ് കടത്തിയ ആൾക്കായി അന്വേഷണം ആരംഭിച്ചതായി റെയിൽവേ പൊലീസ് അറിയിച്ചു.

ട്രെയിനിന്റെ എൽ 4 കോച്ചിൽ ബാത്ത്‌റൂമിന് സമീപത്ത് നിന്നാണ് ബാഗ് കണ്ടെത്തിയത്. പുതുവർഷാഘോഷത്തിനായി ട്രെയിനിൽ കഞ്ചാവ് കടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന. ധൻബാദ് നിന്ന് ആലപ്പുഴയിലേക്ക് പോകുകയായിരുന്ന ട്രെയിൻ ഇന്നലെ രാവിലെ 11.20ന് തൃശൂർ സ്റ്റേഷനിലെത്തിയപ്പോഴാണ് പരിശോധന നടത്തിയത്.

എസ്‌.ഐ: കെ.ഒ. തോമസ്, അഡീഷണൽ എസ്.ഐ: മനോജ്, പൊലീസുകാരായ നിഖി കൃഷ്ണ, ഖാലിദ്, വരുൺ, സന്തോഷ്, റെനീഷ് എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.