നന്തിക്കര: സാമൂഹികനീതിയിൽ അധിഷ്ഠിതമായ സമഗ്രമായ വികസന കാഴ്ചപ്പാടാണ് സർക്കാരിന്റേതെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹികനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു. പറപ്പൂക്കര പഞ്ചായത്ത് ഭരണസമിതി രണ്ടാം വാർഷികത്തോട് അനുബന്ധിച്ചുള്ള പ്രോഗ്രസ് റിപ്പോർട്ട് പ്രകാശനവും ജീവനം പദ്ധതി വഴി വാങ്ങിയ ആംബുലൻസ് ഫ്‌ളാഗ് ഓഫും നിർവഹിക്കുകയായിരുന്നു മന്ത്രി.
അടിസ്ഥാന സൗകര്യവികസനം ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളാണ് നടത്തുന്നത്. പൊതുവിദ്യാഭ്യാസ രംഗത്ത് വലിയ നേട്ടങ്ങളാണ് കഴിഞ്ഞ കാലയളവിൽ കൈവരിച്ചത്. വികസിത രാജ്യങ്ങളോട് കിടപിടിക്കുന്ന തരത്തിലുള്ള വികസനം കേരളത്തിലും ഉണ്ടാകേണ്ടതുണ്ട്. വികസനത്തിൽ സാമൂഹികനീതി ഉറപ്പുവരുത്തുന്ന സമഗ്രമായ വികസന കാഴ്ചപ്പാടാണ് സർക്കാരിനുള്ളതെന്നും മന്ത്രി പറഞ്ഞു.
രണ്ട് വർഷത്തെ പറപ്പൂക്കര പഞ്ചായത്തിന്റെ പ്രോഗ്രസ് റിപ്പോർട്ടാണ് പ്രകാശനം ചെയ്തത്. പാവപ്പെട്ടവർക്ക് വേണ്ടിയുള്ള ചികിത്സാ സഹായ പദ്ധതിയായ ജീവനം പദ്ധതി വഴി 21 ലക്ഷം സമാഹരിച്ച് 9 ലക്ഷം രൂപ ചെലവിലാണ് ആംബുലൻസ് ഒരുക്കിയത്. നന്തിക്കര കലാഭവൻ മണി സ്മാരക നിറവ് വേദിയിൽ നടന്ന ചടങ്ങിൽ കെ.കെ. രാമചന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലൻ ആരോഗ്യ പ്രവർത്തകരെ ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഇൻചാർജ് കെ. സിദ്ദിഖ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കെ. ഷൈലജ, ജനപ്രതിനിധികളായ കാർത്തിക ജയൻ, പി.ടി. കിഷോർ, കെ.സി. പ്രദീപ്, ബീന സുരേന്ദ്രൻ, എൻ.എം. പുഷ്പാകരൻ, കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്‌സൺ സരിത തിലകൻ തുടങ്ങിയവർ പങ്കെടുത്തു.