കൊടുങ്ങല്ലൂർ: ജല അതോറിറ്റി സെക്ഷൻ പരിധിയിൽ വരുന്ന കൊടുങ്ങല്ലൂർ നഗരസഭ, മേത്തല, എറിയാട്, എടവിലങ്ങ് പഞ്ചായത്ത് പ്രദേശങ്ങൾ എന്നിവിടങ്ങളിലെ 500 രൂപയ്ക്ക് മുകളിൽ കുടിശ്ശികയുള്ള എല്ലാ വിഭാഗം ഉപഭോക്താക്കളുടെയും കുടിവെള്ള കണക്ഷനുകൾ വിച്ഛേദിച്ച് തുടങ്ങി. ഡിസംബറിൽ നൂറിലധികം കണക്ഷനുകൾ വിച്ഛേദിച്ചിട്ടുണ്ട്. ഉപഭോക്താവിന് നൽകുന്ന ബില്ലിൽ കണക്ഷൻ വിച്ഛേദിക്കുന്ന തീയതി രേഖപ്പെടുത്തിയിട്ടുള്ളതിനാൽ മറ്റൊരു അറിയിപ്പ് നൽകാതെയാണ് വിച്ഛേദിക്കുന്നത്. മുൻ കുടിശ്ശികയുള്ളവർക്ക് ഈ തീയതി ബാധകമല്ല. കേടായ മീറ്റർ ഉപയോഗിച്ച് ജലം എടുക്കുന്നവർക്ക് കുടിശ്ശിക ഇല്ലെങ്കിലും കണക്ഷൻ വിച്ഛേദിക്കും. ഇങ്ങനെയുള്ളവർ ഉടൻതന്നെ ജല അതോറിറ്റി ഓഫീസുമായി ബന്ധപ്പെട്ടു മീറ്റർ മാറ്റി സ്ഥാപിക്കണം.
വാട്ടർ ചാർജ് ഇനി ഓൺലൈൻ വഴി
ജല അതോറിറ്റി ഓഫീസുകളിൽ ജനുവരി മുതൽ വാട്ടർ ചാർജ് ഓൺലൈനായി മാത്രമാണ് സ്വീകരിക്കുക. 500 രൂപയ്ക്ക് താഴെയുള്ള ഗാർഹിക ഉപഭോക്താക്കൾക്ക് മാത്രമാണ് കാഷ് കൗണ്ടർ വഴി പണം അടയ്ക്കാനാകൂ. ഗാർഹികേതര വ്യവസായിക കണക്ഷൻ ഉപഭോക്താക്കൾ പൂർണമായും ഓൺലൈൻ വഴി തന്നെ ബില്ലുകൾ അടയ്ക്കണം. 500 രൂപയ്ക്ക് താഴെയുള്ള ഗാർഹിക ഉപഭോക്താക്കൾക്കും ഓൺലൈൻ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. ഫോൺ: 04802802935. വെബ്‌സൈറ്റ്: epay.kwa.kerala.gov.in