വടക്കാഞ്ചേരി: മച്ചാട് മാമാങ്കത്തിന് തുടക്കം കുറിക്കുന്ന മച്ചാട് തിരുവാണിക്കാവ് ഭഗവതി ക്ഷേത്രത്തിലെ പത്താമുദയ ചടങ്ങുകൾ ഭക്തി നിർഭരമായ ചടങ്ങുകളോടെ നടന്നു. രാവിലെ നട തുറന്ന ശേഷം തന്ത്രി ചാലിശ്ശേരി നാരായണൻ നമ്പൂതിരി, മേൽശാന്തി സുരേഷ് എമ്പ്രാന്തിരി എന്നിവരുടെ കാർമ്മികത്വത്തിൽ അഭിഷേകങ്ങൾ, ഗണപതി ഹോമം, ഉഷപൂജ, അഷ്ടപദി എന്നിവ നടന്നു. തുടർന്ന് കെട്ടിയുണ്ടാക്കിയ പൊയ്ക്കുതിരയെ വടക്കെനടയിൽ സ്ഥാപിച്ചു. ഭഗവതി സന്നിധിയിൽ പൂജിച്ച കുതിരയുടെ തല കൊമ്പിന്റെയും കുഴലിന്റെയും അകമ്പടിയോടെ പുറത്തേയ്ക്ക് എഴുന്നള്ളിച്ച ശേഷം ആർപ്പുവിളികളോടെ കുതിരയുടെ ഉടലിൽ സ്ഥാപിച്ചു. ഉച്ചയ്ക്ക് അന്നദാനം, വൈകിട്ട് ചുറ്റുവിളക്ക്, നിറമാല, ദീപാരാധന, ഡബിൾ തായമ്പക, കൊമ്പ് പറ്റ്, കുഴൽ പറ്റ്, കുതിരക്കളി, വെടിക്കെട്ട് എന്നിവ നടന്നു. ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് എ.സി. കണ്ണൻ, സെക്രട്ടറി എം.എസ്.വിജയകുമാർ, ട്രഷറർ എ.സി.മനുദേവ് എന്നിവർ നേതൃത്വം നൽകി.