
ഗുരുവായൂർ: ഗുരുവായൂർ കിഴക്കെനടയിൽ രാമകൃഷ്ണ ലഞ്ച് ഹോമിന് സമീപത്തുള്ള വഴിയിൽ പാർക്ക് ചെയ്തിരുന്ന ഇരുചക്രവാഹനം മോഷ്ടിച്ച കേസിലെ പ്രതിയെ ടെമ്പിൾ പൊലീസ് അറസ്റ്റ് ചെയ്തു. അടിമാലി ബേയ്‌സൻവാലി കടവനപ്പുഴ വീട്ടിൽ അഭിജിത്ത് (21) ആണ് അറസ്റ്റിലായത്. പാവറട്ടി തൊയക്കാവ് സ്വദേശി നസീറിന്റെ ഇരുചക്ര വാഹനമാണ് കഴിഞ്ഞ 24ന് മോഷണം പോയത്. ടെമ്പിൾ പൊലീസ് എസ്.ഐ: ഐ.എസ്. ബാലചന്ദ്രനും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മോഷണംപോയ ഇരുചക്രവാഹനം കേസിലെ മറ്റൊരു പ്രതിയായ തിരുവത്ര മത്രംങ്ങോട്ട് വീട്ടിൽ അമൽ (20) എന്നയാൾ ഓടിച്ച് വരവെ കേച്ചേരിയിൽ വച്ച് പൊലീസിനെ കണ്ട് വാഹനം ഉപേക്ഷിച്ച് കടന്ന് കളഞ്ഞിട്ടുള്ളതാണെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.