പാലപ്പിള്ളി: കൊച്ചിൻ മലബാർ കമ്പനിയുടെ റബ്ബർ തോട്ടത്തിൽ ടാപ്പിംഗിനെത്തിയ വനിതാ തൊഴിലാളിയെ കാട്ടാന ആക്രമിച്ചു. പാലപ്പിള്ളി കണ്ണംമ്പിള്ളി സുബിയുടെ ഭാര്യ രജനി (36) യെയാണ് കാട്ടാന ആക്രമിച്ചത്. ഇന്നലെ രാവിലെ ആറരയോടെ ചിമ്മിനി ഡാം റോഡിലെ പിള്ളപ്പാറ പാലത്തിനടുത്ത റബ്ബർ തോട്ടത്തിലായിരുന്നു ആക്രമണം. രജനിയും മറ്റൊരു തൊഴിലാളി സുമിയും തോട്ടത്തിലെ മാറ്റാരു ബ്ലോക്കിലേക്ക് ടാപ്പിംഗിനായി നടന്നു പോകുമ്പോഴായിരുന്നു ആക്രമണം. തോട്ടത്തിലെ റോഡിലൂടെ ഓടി വന്ന ആനയെ കണ്ട് ഓടി മാറാൻ ശ്രമിക്കുന്നതിനിടെ ആന തുമ്പിക്കൈ കൊണ്ട് രജനിയെ അടിച്ചു. പത്തടിയോളം ദൂരെ മാറിയാണ് രജനി വീണത്. തോട്ടത്തിൽ മേഞ്ഞിരുന്ന അഞ്ച് ആനകളിൽ ഒരു കൊമ്പനാണ് തൊഴിലാളികൾക്കടുത്തേക്ക് ഓടി എത്തിയത്. ചിന്നം വിളിച്ച് ഓടി വരുന്ന ആനയെ കണ്ട് തൊഴിലാളികൾ പ്രാണരക്ഷാർത്ഥം ഓടിമാറി. പതിനേഴ് തൊഴിലാളികളാണ് ഈ തോട്ടത്തിൽ ടാപ്പിംഗ് നടത്തി കൊണ്ടിരുന്നത്. ടാപ്പ് ചെയ്ത് കൊണ്ടിരുന്ന കുഞ്ഞുമുഹമ്മദ് എന്ന തൊഴിലാളിയുടെ മുന്നിലാണ് ആനയുടെ അടിയേറ്റ രജനി വീണത്. കുഞ്ഞുമുഹമ്മദും മറ്റ് തൊഴിലാളികളും അലറി വിളിച്ചാണ് ആനയെ പിന്തിരിപ്പിച്ചതെന്ന് പറയുന്നു. പരിക്കേറ്റ രജനിയെ പഞ്ചായത്ത് അംഗം എം.ബി. ജലാലിന്റെ നേതൃത്വത്തിൽ വനപാലകരും മറ്റ് തൊഴിലാളികളും ചേർന്നാണ്് തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. പിള്ളത്തൊടിന്റെ പരിസരത്ത് ആനക്കൂട്ടം ഉണ്ടന്നറിഞ്ഞ് വനപാലകർ റോഡിൽ ഉണ്ടായിരുന്നു.