പുത്തൻചിറ : വൃക്ഷങ്ങൾ വെട്ടി മാറ്റാതെ പാറമേൽ തൃക്കോവിൽ ജംഗ്ഷനിലുള്ള വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള സ്ഥലത്ത് കിണറിന് ചുറ്റുമതിൽ കെട്ടുന്നത് നാട്ടുകാരുടെ എതിർപ്പിനെ തുടർന്ന് നിറുത്തി. ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള ഈ സ്ഥലത്ത് പഴയ വി.ഇ.ഒ ഓഫീസ് 17 വർഷമായി ഉപയോഗശൂന്യമായി കിടക്കുകയാണ്. ഇതിനോട് ചേർന്നുള്ള പൊതുകിണർ സമീപത്തുള്ള വലിയ മട്ടിമരം, വാളൻപുളി, വാകമരം എന്നിവ വളർന്ന് വലുതായി വേരുകൾ കിണറിലേക്കിറങ്ങി ചുറ്റുമതിൽ ഇടിഞ്ഞ് ഉപയോഗ ശൂന്യമായി കിടക്കുകയാണ്. ഇടിഞ്ഞ കിണറിൽ ചുറ്റുമതിൽ നിർമ്മിക്കുവാൻ ബ്ലോക്ക് പഞ്ചായത്ത് 2.15ലക്ഷം രൂപയ്ക്ക് ടി.എ.ബഷീർ എന്നയാൾക്ക് കരാർ നൽകിയിരുന്നു.
കരാറുകാരൻ വന്നു കിണറിന്റെ ചുറ്റുമതിൽ പൊളിച്ച് മാറ്റിയപ്പോൾ നാട്ടുകാർ മരം മുറിച്ച് മാറ്റാതെ ചുറ്റുമതിൽ കെട്ടിയാൽ വീണ്ടും വേര് ഇറങ്ങി മതിൽ ഇടിഞ്ഞുവീഴാൻ സാദ്ധ്യതയുണ്ടെന്നറിയിച്ചതിനാൽ പണി നിറുത്തി വച്ചു. മതിലിനോട് ചേർന്ന മരങ്ങൾ മുറിച്ച് മാറ്റി കിണറിന് ചുറ്റുമതിൽ നിർമ്മിക്കണമെന്ന് മുൻ പഞ്ചായത്ത് മെമ്പർ പി.സി.ബാബു ആവശ്യപ്പെട്ടു.