എൻ.എസ്.എസ് ക്യാമ്പിന് അടിസ്ഥാന സൗകര്യങ്ങൾ വിട്ടുനൽകിയില്ല
ഇരിങ്ങാലക്കുട: മാടായിക്കോണം ചാത്തൻ മാസ്റ്റർ സ്മാരക ഗവ. സ്‌കൂളിൽ നടന്ന എൻ.എസ്.എസ് ക്യാമ്പിന് അടിസ്ഥാന സൗകര്യങ്ങൾ വിട്ടു നൽകിയില്ലെന്ന വിഷയത്തിൽ കൗൺസിൽ യോഗത്തിൽ വിമർശനം. വിഷയവുമായി ബന്ധപ്പെട്ട് പി.ടി.എ പ്രസിഡന്റിനെ മർദ്ദിച്ചതായും, സ്‌കൂൾ ബാഹ്യശക്തികളുടെ നിയന്ത്രണത്തിലാണന്നും ബി.ജെ.പി.
അടിസ്ഥാന സൗകര്യങ്ങൾ വിട്ടു നൽകാതിരുന്ന സ്‌കൂൾ ഹെഡ്മിസ്ട്രസിനെതിരെ നടപടി വേണമെന്ന് എൽ.ഡി.എഫ്. വിഷയം നഗരസഭയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടില്ലെന്നും, നഗരസഭയെ അപകീർത്തിപ്പെടുത്തുവാനുള്ള നീക്കമാണിതെന്നും ചെയർപേഴ്‌സൺ പറഞ്ഞു.
കഴിഞ്ഞ ദിവസം ചേർന്ന നഗരസഭ കൗൺസിൽ യോഗത്തിൽ ബി.ജെ.പി പാർലമെന്ററി പാർട്ടി ലീഡർ സന്തോഷ് ബോബനാണ് വിഷയം ഉന്നയിച്ചത്. അടിസ്ഥാന സൗകര്യങ്ങൾ വിട്ടുനൽകിയില്ലെന്ന പേരിൽ പ്രാദേശിക രാഷ്ട്രീയ നേതാവ് പി.ടി.എ പ്രസിഡന്റിനെ മർദ്ദിച്ചതായി സന്തോഷ് ബോബൻ ആരോപിച്ചു.
ക്യാമ്പിനെത്തിയ വിദ്യാർത്ഥികൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് വിഷയങ്ങൾ നിലനിൽക്കുന്നുണ്ടെന്നറിഞ്ഞിട്ടും പ്രശ്നത്തിൽ ഇടപടാൻ ചെയർപേഴ്‌സൺ തയ്യാറായില്ലെന്ന് എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ അഡ്വ. കെ.ആർ. വിജയ ആരോപിച്ചു. എന്നാൽ ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുക്കുമ്പോൾ പോലും ഇത്തരമൊരു പരാതി ഉണ്ടായിരുന്നില്ലെന്ന് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ അഡ്വ. ജിഷ ജോബി പറഞ്ഞു. വാർഡ് കൗൺസിലറെന്ന നിലയിൽ തനിക്ക് യാതൊരു പരാതിയും ലഭിച്ചിരുന്നില്ലെന്ന് ലിജി എ.എസും പറഞ്ഞു.
എന്നാൽ ക്യാമ്പുമായി ബന്ധപ്പെട്ട് നടന്ന ആദ്യ ആലോചനാ യോഗത്തിലാണ് ക്യാമ്പിന് സ്‌കൂളിന്റെ പുതിയ കെട്ടിടം വിട്ടുനൽകുന്നതുമായി ബന്ധപ്പെട്ട് തടസവാദങ്ങളുണ്ടായതായി എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ തന്നെ അറിയിക്കുന്നതെന്ന് സോണിയ ഗിരി പറഞ്ഞു.
വിഷയത്തിൽ വാർഡ് കൗൺസിലർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എന്നിവരുമായി ബന്ധപ്പെടാനും, പരിഹാരമായില്ലെങ്കിൽ അറിയിക്കാനും പ്രോഗ്രാം ഓഫീസറോട് പറഞ്ഞിരുന്നു. എന്നാൽ ഇതുവരെ യാതൊരു പരാതിയും പ്രോഗ്രാം ഓഫീസർ നൽകിയിട്ടില്ല. എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസറോട് ഇക്കാര്യത്തിൽ വിശദീകരണം ചോദിക്കുമെന്നും സോണിയ ഗിരി പറഞ്ഞു.
നഗരസഭയുടെ കീഴിലുള്ള ഗവ. ഗേൾസ് സ്‌കൂൾ, ബോയ്‌സ് ഹൈസ്‌കൂൾ, മാടായിക്കോണം ചാത്തൻ മാസ്റ്റർ സ്‌കൂൾ എന്നിവയുടെ സംയുക്ത യോഗം ജനുവരി ആദ്യവാരത്തിൽ ചേരുമെന്നും സോണിയ ഗിരി പറഞ്ഞു.