തൃശൂർ: രണ്ട് വർഷത്തെ വികസനപദ്ധതികൾ അക്കമിട്ട് നിരത്തി കൗൺസിലിൽ മേയർ. തട്ടിപ്പെന്ന ആരോപണവുമായി പ്രതിപക്ഷം. രണ്ട് വർഷത്തെ പദ്ധതികൾ വിശദീകരിക്കാൻ പുതുവത്സരത്തലേന്ന് വിളിച്ച് ചേർത്ത കൗൺസിലാണ് പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തിയത്. കോൺഗ്രസ് കൗൺസിലർമാർ ഹാളിന് പുറത്ത് പ്രതിഷേധ സമരം നടത്തിയപ്പോൾ ബി.ജെ.പി കൗൺസിലർമാർ നടുത്തളത്തിലിരുന്നാണ് പ്രതിഷേധിച്ചത്. ഇതോടെ കോർപറേഷൻ കൗൺസിൽ യോഗം ഏകപക്ഷീയ ചർച്ച നടത്തി പിരിഞ്ഞു. നേതൃമാറ്റമുണ്ടാകുമോ എന്ന ചർച്ച ഭരണപക്ഷത്തു മുറുകുന്നതിനിടെ ചേർന്ന കൗൺസിൽ യോഗത്തിൽ മേയർ എം.കെ. വർഗീസ് കേക്ക്മുറിച്ച് നവവത്സരത്തിന്റെ ആഹ്‌ളാദം പങ്കുവച്ചു. കുടിവെള്ള പ്രശ്‌നം കൂട്ടായി പരിഹരിക്കാമെന്ന ഉറപ്പും മേയർ നൽകി. ഭരണപക്ഷത്ത് നിന്ന് പി.കെ. ഷാജൻ, വർഗീസ് കണ്ടംകുളത്തി, എം.എൽ. റോസി, ഷീബ ബാബു, സാറാമ്മ റോബ്‌സൺ സംസാരിച്ചു.
500 കോടിയുടെ വികസനം: മേയർ
കഴിഞ്ഞ രണ്ടുവർഷം കൊണ്ട് 500 കോടി രൂപയുടെ വികസനപ്രവൃത്തികളാണ് നടപ്പാക്കിയതെന്ന് മേയർ വ്യക്തമാക്കി. ലേണിംഗ് സിറ്റി എന്ന ആശയം വഴി അഞ്ചുവർഷം കൊണ്ട് 1000 കോടി രൂപയുടെ പദ്ധതികളാണ് പ്രതീക്ഷിക്കുന്നത്. വഴിയോര കച്ചവടക്കാരുടെ പുനരധിവാസം, ബയോമൈനിംഗ്, പീച്ചിയിലെ ഫ്‌ളോട്ടിംഗ് ഇൻടേക്ക് വാട്ടർ സംവിധാനം, സീറോ വേസ്റ്റ് നഗരം എന്നിവയെല്ലാം മേയർ ചൂണ്ടിക്കാട്ടി.
വഞ്ചനാദിനവുമായി കോൺഗ്രസ്
കറുത്ത റിബൺ തലയിൽ കെട്ടി കൗൺസിൽ ഹാളിന് പുറത്ത് പ്രതിഷേധിച്ചാണ് കോൺഗ്രസ് വഞ്ചനാദിനം ആചരിച്ചത്. 139 കോടി രൂപ അമൃതം പദ്ധതി പ്രകാരം കുടിവെള്ള വിതരണ പദ്ധതിക്ക് വേണ്ടി ചെലവ് ചെയ്തിട്ടും നഗരത്തിൽ കുടിവെള്ളം ലഭിക്കുന്നില്ലെന്ന് പ്രതിപക്ഷനേതാവ് രാജൻ പല്ലൻ പറഞ്ഞു. കേരള വർമ്മ കോളേജ് പരിസരം, അരണാട്ടുകര, പൂത്തോൾ, കാനാട്ടുകര, കുട്ടൻകുളങ്ങര, കൂർക്കഞ്ചേരി, കിഴക്കേകോട്ട, ഫാത്തിമനഗർ, അഞ്ചങ്ങാടി, മിഷൻ കോട്ടേഴ്‌സ്, വെളിയന്നൂർ, പുത്തൻപള്ളി പരിസരം, ശക്തൻ നഗർ, തുടങ്ങിയ പ്രദേശങ്ങളിൽ 28 ദിവസമായി വെള്ളം ലഭിക്കുന്നില്ല. ഉപനേതാവ് ഇ.വി. സുനിൽരാജ് , ജോൺ ഡാനിയേൽ, എൻ.എ. ഗോപകുമാർ, ജയപ്രകാശ് പൂവത്തിങ്കൽ, മുകേഷ് കൂളപ്പറമ്പിൽ, ശ്യാമള മുരളീധരൻ പ്രസംഗിച്ചു.
കൗൺസിൽ ഹാളിൽ കുത്തിയിരുന്ന് ബി.ജെ.പി
കൗൺസിൽ യോഗം വഞ്ചനാ ദിനമായി ആചരിച്ച് പ്രതിഷേധിച്ച് നടുത്തളത്തിൽ ഇരുന്ന് ബി.ജെ.പി കൗൺസിലർമാർ പ്രതിഷേധിച്ചു. ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനായി കേന്ദ്രം അമൃത് പദ്ധതി പ്രകാരം നൽകിയ 300 കോടി രൂപ ഭൂരിഭാഗവും കുടിവെള്ളത്തിനായി ചെലവഴിച്ചിട്ടും നഗരത്തിൽ കുടിവെള്ളം ലഭിക്കാതെ പൊതുജനങ്ങൾ നട്ടംതിരിയുകയാണെന്ന് വിനോദ് പൊള്ളഞ്ചേരി പറഞ്ഞു. പദ്ധതി വിശദീകരണത്തിനു ശേഷം പൊതുചർച്ച ബഹിഷ്‌കരിച്ച് ബി.ജെ.പി കൗൺസിലർമാർ കൗൺസിൽ ഹാളിൽ നിന്നും ഇറങ്ങിപ്പോന്നു. പ്രതിഷേധ സമരത്തിന് പൂർണിമ സുരേഷ്, എൻ. പ്രസാദ്, ഡോ. വി. ആതിര, കെ.ജി. നിജി, എൻ.വി. രാധിക എന്നിവർ നേതൃത്വം നൽകി.