ചാലക്കുടി: പത്തുവർഷം മുമ്പുള്ള പുതുവർഷ പുലരിയെന്നാൽ ചാലക്കുടിക്ക് ആഹ്ലാദത്തിന്റെയും ആർപ്പുവിളിയുടെയും ദിനം കൂടിയായിരുന്നു. ആടിപ്പാടി ആർത്തുല്ലസിക്കാൻ നാട്ടുകാർക്ക് സർവ സ്വാതന്ത്ര്യവും അനുവദിച്ച് അന്നൊക്കെ നിറഞ്ഞ ചിരിയുമായി ഒരാൾ നിറഞ്ഞു നിൽക്കുമായിരുന്നു. അതുമറ്റാരുമായിരുന്നില്ല, സാക്ഷാൽ കലാഭവൻ മണി. ജനുവരി ഒന്ന്, അതായിരുന്നു ലോകത്താകെയുള്ള മലയാളികളുടെ ഇഷ്ടതാരം മണിയുടെ പിറന്നാൾ. പാഡിയിലും നഗരത്തിലെ വിവിധ ഓഡിറ്റോറിയങ്ങളിലും വർണ്ണപകിട്ടാർന്ന പരിപാടികൾ ഒരുക്കിയായിരുന്നു മണിച്ചേട്ടന്റെ ജന്മദിനാഘോഷങ്ങൾ. പകലന്തിയോളം നാട്ടുകാർക്കും സുഹൃത്തുക്കളുമായ നൂറുകണക്കിനാളുകൾക്ക് വിഭവ സമൃദ്ധമായ സദ്യ നൽകൽ. പാടാനും നൃത്തം ചെയ്യാനും യഥേഷ്ടം അവസരങ്ങളും ഇവിടെയുണ്ടായി. പ്രൊഫഷണൽ ഗ്രൂപ്പിന്റെ ഗാനമേളയ്‌ക്കൊപ്പമായിരുന്നു നാട്ടിലെ കലാകാരന്മാർക്കും അവസരം. മണിമോന്റെ പിറന്നാളിനെത്തുന്ന വയോധികരും മനംനിറഞ്ഞു മടങ്ങുമായിരുന്നു. അതെല്ലാം ഇന്നു ആർദ്രമായ ഓർമ്മകൾ. അനക്കമില്ലാത്ത പാഡിയും പൂട്ടികിടക്കുന്ന ചേനത്തുനാട്ടിലെ മണിക്കൂടാരവും വേർപാടിന്റെ ആഴത്തിലെ നൊമ്പരമായി മാറുന്നു.
1971ലാണ് കുന്നിശേരി രാമന്റെ മകനായി മണിയുടെ ജനനം. ഒരു നേരത്തെ ആഹാരത്തിനു വേണ്ടി കഷ്ടപ്പെട്ടതും പഠനകാലത്തെ നിത്യ ദാരിദ്ര്യത്തിന്റെ അനുഭവങ്ങൾ മണിതന്നെ പൊതുവേദികളിൽ പങ്കുവച്ചിരുന്നു. ഓട്ടോയോടിക്കലും കലാഭവനിൽ ചേർന്നുള്ള കാലവും അന്നെല്ലാം ചാലക്കുടിക്കുടിയുടെ നേർക്കാഴ്ചയായി. സിനിമയിലെത്തിയതോടെ പ്രശസ്തിയുടെ പടവുകൾ താണ്ടി. കൈനിറയെ പണവും ഉന്നതരുമായുള്ള ബന്ധങ്ങളും കൈമുതലായെങ്കിലും ചാലക്കുടിയുടെ കറുത്ത മുത്ത് സാധാരണക്കാരനെ മറന്നില്ല. ഇതിന്റെ തെളിവായിരുന്നു പിൽക്കാലത്തുള്ള ജനുവരി ഒന്നിലെ ജന്മദിനാഘോഷങ്ങൾ. ജീവിച്ചിരുന്നെങ്കിൽ ഈ ഞായറാഴ്ച കലാഭവൻ മണിക്ക് 52 വയസ് തികയുമായിരുന്നു. ലക്ഷക്കണക്കിന് ആരാധകരെ നിത്യ ദുഖത്തിലാഴ്ത്തി 2016 മാർച്ച് 6 നായിരുന്നു അദ്ദേഹത്തിന്റെ വേർപാട്. മഹാമാരികളുടെ ഭീകരാവസ്ഥയ്ക്ക്് ശേഷം വന്നെത്തിയ പുതുവത്സരാഘോഷങ്ങളെ പുണരാൻ ഇന്നു ചേനത്തുനാട്ടിലെ തെല്ലു തെക്കേപ്പുറത്തുറങ്ങുന്ന മണിച്ചേട്ടന്റെ സ്മരണകൾ മാത്രം ബാക്കി.