ഗുരുവായൂർ: മമ്മിയൂർ മഹാദേവക്ഷേത്രത്തിൽ നാലാം അതിരുദ്ര മഹായജ്ഞത്തിനുള്ള ഒന്നാം മഹാരുദ്രയജ്ഞത്തിന് ഇന്ന് തുടക്കമാകും. ക്ഷേത്രം നടപ്പുരയിൽ പ്രത്യേകം തയ്യാറാക്കിയ മണ്ഡപത്തിൽ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ കേരളത്തിലെ പ്രമുഖ വേദപണ്ഡിതൻമാർ 11 വെള്ളി കലശങ്ങളിൽ പാൽ, തൈര്, അഷ്ടഗന്ധജലം. ഇളനീർ, ചെറുനാരങ്ങ നീർ. കരിമ്പിൻ നീർ , നല്ലെണ്ണ, തേൻ, നെയ്യ് , പഞ്ചഗവ്യം, പഞ്ചാമൃതം തുടങ്ങിയ ദ്രവ്യങ്ങൾ നിറച്ച്, ശ്രീ രുദ്രമന്ത്രത്താൽ ചൈതന്യത്തെ ജീവ കലശങ്ങളിലേക്ക് ആവാഹിച്ച് ഉഷപൂജക്ക് ശേഷം ഈ ജീവകലശങ്ങൾ മഹാദേവന് അഭിഷേകം ചെയ്യും. മഹാരുദ്രത്തോടനുബന്ധിച്ച് മഹാവിഷ്ണു, ഗണപതി, അയ്യപ്പൻ, സുബ്രഹ്മണ്യൻ, ഭഗവതി എന്നിവർക്ക് നവകാഭിഷേകവും നാഗക്കാവിൽ നാഗപ്പാട്ട്, നാവോർപ്പാട്ട്, വൈകിട്ട് പാതിരാക്കുന്നത് കുളുപ്പുറത്ത് മനയ്ക്കൽ സദാനന്ദൻ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ സർപ്പബലിയും ഉണ്ടായിരിക്കുന്നതാണ്. മഹാരുദ്രയജ്ഞത്തിന്റെ സമാപന ദിവസമായ ജനുവരി 11ന് രാവിലെ യജ്ഞ മണ്ഡപത്തിൽ വസോർധാര നടക്കും. എല്ലാ ദിവസം രാവിലെയും വൈകിട്ടും ഭക്തിപ്രഭാഷണം, നൃത്തനൃത്യങ്ങൾ, ചാക്യാർകൂത്ത്, നാദസ്വരം, തായമ്പക എന്നിവയും ഉണ്ടാകും. സമാപന ദിവസം കാലത്ത് 11 ന് ക്ഷേത്ര ആൽത്തറയിൽ പ്രത്യേക ആൽത്തറ മേളം ഉണ്ടായിരിക്കുന്നതാണ്. മഹാരുദ്രയജ്ഞത്തിന്റെ ഭാഗമായി എല്ലാ ദിവസവും ഭക്തജനങ്ങൾക്ക് പ്രസാദ ഊട്ടും ഉണ്ടായിരിക്കും.