പുതുക്കാട്: പുതുക്കാട് -ഊരകം റോഡിലെ തകർന്ന കേളിത്തോട് പാലത്തിന്റെ പുനർനിർമ്മാണത്തിന് പൊതുമരാമത്ത് വകുപ്പ് നടപടി സ്വീകരിച്ചുവരുന്നതായി കെ.കെ. രാമചന്ദ്രൻ എം.എൽ.എ. പുതുക്കാട് മണ്ഡലത്തിലെ വിവിധ വികസന പ്രവൃത്തികളുടെ അവലോകന യോഗത്തിലാണ് എം.എൽ.എ ഇക്കാര്യം അറിയിച്ചത്. കന്നാറ്റുപാടം, അളഗപ്പ നഗർ, നന്ദിപുലം എന്നിവിടങ്ങളിലെ പൊതുവിദ്യാലയങ്ങളിലെ കെട്ടിട നിർമ്മാണത്തിനായി സമയബന്ധിതമായി നടപടികൾ സ്വീകരിക്കുന്നതിന് യോഗത്തിൽ തിരുമാനമായി. ബി.ഡി.ഒ: അജയഘോഷിനെ ഇതിനായി നോഡൽ ഓഫിസറായി നിശ്ചയിച്ച് കളക്ടർ ഉത്തരവിറക്കിയതായും എം.എൽ.എ അറിയിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. രഞ്ജിത്ത്, മറ്റത്തൂർ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി, ഉദ്യോഗസ്ഥരും പങ്കെടുത്തു.