samoohikarogya-kendram

കല്ലമ്പലം: നാല് കോടി അനുവദിച്ചിട്ടും വികസനമില്ലാതെ മണമ്പൂർ സി.എച്ച്.സി ബഹുനില മന്ദിരം നിർമ്മിക്കാനും ആധുനിക സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനും പഞ്ചായത്തിന്റെ ശ്രമഫലമായി ആറുമാസത്തിനു മുൻപ് ഒ.എസ്. അംബിക എം.എൽ.എ ഫണ്ടിൽ നിന്ന് തുക അനുവദിച്ചിരുന്നു. എന്നാൽ ആശുപത്രിയുടെ പശ്ചാത്തല വികസനത്തിന് അവസരമൊരുങ്ങിയെങ്കിലും കെട്ടിട നിർമ്മാണം നീണ്ടുപോവുകയാണ്. നിലവിൽ മണമ്പൂർ ഗവ. സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ പുതിയ കെട്ടിടം ഉയരുന്നതും കാത്തിരിക്കുകയാണ് നാട്ടുകാർ. തിരക്കുള്ള സി.എച്ച്.സികളിൽ ഒന്നാണ് മണമ്പൂർ സി.എച്ച്.സി. മണമ്പൂർ, ഒറ്റൂർ പഞ്ചായത്ത്‌ പ്രദേശങ്ങളിലുള്ളവരും സമീപ പ്രദേശങ്ങളിലുള്ളവരും ഈ ആശുപത്രിയെയാണ് ആശ്രയിക്കുന്നത്. കേരളത്തിലെ ആദ്യഘട്ടം മുതൽ കൊവിഡ് വാക്സിനേഷൻ സെന്ററുകളിൽ ഒന്നായും ഇത് പ്രവർത്തിച്ചുവരികയാണ്.

നിറയെ പരിമിതികൾ

പരാതികൾക്ക് ഇടയില്ലാത്തവിധം പ്രവർത്തിക്കുന്ന ആശുപത്രിയുടെ വികസനത്തിന് കൂടുതൽ പശ്ചാത്തല സൗകര്യങ്ങൾ ആവശ്യമാണ്. പി.എച്ച്.സി ആയിരുന്ന ആശുപത്രി സമീപകാലത്താണ് സി.എച്ച്.സി ആയി മാറിയത്. എന്നാൽ രോഗികളുടെ വർദ്ധനയ്ക്ക്നുസരിച്ച് സൗകര്യങ്ങളും സംവിധാനങ്ങളും വർദ്ധിച്ചിട്ടില്ല.

തുക ബഡ്ജറ്റിൽ

2022 -23ലെ വാർഷിക ബഡ്ജറ്റിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചത്. നടപ്പുസാമ്പത്തിക വർഷം ആദ്യ ഗഡുവായി അടങ്കൽത്തുകയുടെ 20 ശതമാനമായ 80 ലക്ഷം രൂപ ചെലവഴിക്കാനുള്ള അനുവാദവും ലഭിച്ചു. അഞ്ചു കോടി രൂപ അടങ്കൽത്തുകയുള്ള പദ്ധതിക്ക് എൻജിനിയർ വിഭാഗത്തിന്റെ അനുമതി കൂടി ലഭിച്ചാൽ പണി തുടങ്ങാനാകും. മണ്ഡലത്തിലെ മറ്റൊരു ആശുപത്രിക്ക് ബഡ്ജറ്റിൽ ഫണ്ട് അനുവദിച്ചിരുന്നു. അതേ ആശുപത്രിക്ക് മറ്റൊരു പദ്ധതിയിലൂടെ കൂടുതൽ സാമ്പത്തികസഹായം ലഭ്യമായതോടെ ഒ.എസ്. അംബിക എം.എൽ.എ ധനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്ന് ഈ സാമ്പത്തിക വർഷം തുക മാറ്റി അനുവദിക്കുകയായിരുന്നു.