
തിരുവനന്തപുരം:കവടിയാർ ജംഗ്ഷനു സമീപമുള്ള പൈപ്പ്ലൈൻ റോഡിൽ അറ്റകുറ്റപ്പണി നടന്നിട്ട് വർഷം അമ്പത് കഴിഞ്ഞു. ജല അതോറിട്ടിയുടെ കീഴിൽ വരുന്ന റോഡിൽ അറ്റകുറ്റപ്പണി നടത്തിയാൽ പൈപ്പ് ലൈൻ തകരാറിലാവുമെന്നാണ് ജല അതോറിട്ടിയുടെ വാദം.ജില്ലയിൽ മുഴുവൻ കുടിവെള്ളമെത്തിക്കുന്ന അരുവിക്കരയിൽ നിന്ന് വരുന്ന പൈപ്പ്ലൈൻ ഈ റോഡിനടിയിലൂടെയും കടന്നുപോകുന്നുണ്ട്. അതേസമയം,നർമ്മദ ഷോപ്പിംഗ് കോംപ്ലക്‌സ് സ്ഥിതി ചെയ്യുന്ന പൈപ്പ് ലൈൻ റോഡിന്റെ കുറച്ച് ഭാഗം ടാർ ചെയ്തിട്ടുണ്ടെന്നാണ് പരിസരവാസികളുടെ പരാതി. നഗരത്തിൽ ശുദ്ധജലമെത്തിക്കാൻ വേണ്ടിമാത്രം വിലയ്ക്ക് വാങ്ങിയ റോഡാണിതെന്നും വ്യക്തമായ പരിശോധന ഇല്ലാതെ റോഡിൽ പണി നടത്തുന്നത് അപകടം വിതച്ചേക്കുമെന്നും ജല അതോറിട്ടി അധികൃതർ പറഞ്ഞു.
പൊട്ടിപ്പൊളിഞ്ഞ് ഈ റോഡ് മഴക്കാലത്ത് തോടിന് സമാനം.വാഹനങ്ങൾ കടന്നുപോകുമ്പോഴുള്ള പൊടിപടലങ്ങളും പ്രായമായവർക്ക് ഉൾപ്പെടെ ബുദ്ധിമുട്ടാണ്.രാത്രികാലങ്ങളിൽ തെരുവ് വിളക്കുകൾ കത്താത്തത് ബുദ്ധിമുട്ട് വർദ്ധിപ്പിക്കുന്നു. ഇരുചക്ര വാഹനക്കാർക്കും കാൽനട യാത്രക്കാർക്കും യാത്ര ദുസ്സഹമാണ്.130ഓളം കുടുംബങ്ങൾ താമസിക്കുന്നുണ്ടിവിടെ.ഈ റോഡിലാണ് ജല അതോറിട്ടിയുടെ സബ് ഡിവിഷണൽ ഓഫീസ് സ്ഥിതി ചെയ്യുന്നതും.വട്ടിയൂർക്കാവ് എം.എൽ.എ വി.കെ.പ്രശാന്ത് മുമ്പ് സ്ഥലം സന്ദർശിച്ചിരുന്നു. പൈപ്പ്ലൈൻ പ്രശ്നം ഉണ്ടാകുമെന്ന് ആരോപിച്ച് അസോസിയേഷന്റെ വായനശാല നിർമ്മാണം ഉൾപ്പെടെ ജല അതോറിട്ടി തടഞ്ഞിട്ടും ജല അതോറിട്ടിയുടെ സ്വന്തം ഓഫീസ് ഇതേറോഡിൽ നിർമ്മിക്കുന്നതായും ആക്ഷേപമുണ്ട്.
'ജല അതോറിട്ടി നോ ഒബ്‌ജക്ഷൻ സർട്ടിഫിക്കറ്റ് തന്നാൽ റോഡ് പണിക്ക് വേണ്ട സഹായം ചെയ്യാമെന്ന് നഗരസഭ അറിയിച്ചിരുന്നു.'
അശ്വന്ത്.എസ്,
ശ്രീചിത്രാ നഗർ അസോസിയേഷൻ ട്രഷറർ
'റോഡിന്റെ വശത്തുള്ള ഓട നിർമ്മാണം വരെ ബുദ്ധിമുട്ടിയാണ് നടന്നത്.നടപ്പാതയ്‌ക്ക് വേണ്ടി ഇന്റർലോക്ക് എങ്കിലും നിർമ്മിച്ചാൽ താത്കാലികമായെങ്കിലും ആശ്വാസമാകും.'
പി.ശ്യാംകുമാർ,
കുറവൻകോണം വാർഡ് കൗൺസിലർ