kadukayariya-nilayil

കല്ലമ്പലം: പള്ളിക്കൽ പഞ്ചായത്തിൽ മൂതല ജംഗ്ഷന് സമീപം ആയുർവേദ ആശുപത്രിക്കായി നിർമ്മിച്ച അനാഥമായിക്കിടക്കുന്ന പുതിയ കെട്ടിടം തുറന്ന് പ്രവർത്തിക്കണമെന്നാവശ്യം ശക്തം. മൂതലയിൽ വർഷങ്ങളായി വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ആയുർവേദ ആശുപത്രിക്ക് സ്വന്തം കെട്ടിടം നിർമ്മിക്കാനായി നാട്ടുകാരാണ് പിരിവെടുത്ത് 20 സെന്റ്‌ ഭൂമി വാങ്ങി പഞ്ചായത്തിന് നൽകിയത്. തുടർന്ന് കഴിഞ്ഞ പഞ്ചായത്ത് ഭരണ സമിതി 20 ലക്ഷം രൂപ അനുവദിച്ചെങ്കിലും നിലവിലെ ഭരണസമിതിയാണ് കെട്ടിടം നിർമ്മിച്ചത്.

കുന്നിൻ പ്രദേശമായിരുന്ന സ്ഥലത്ത് മണ്ണിടിച്ച് മാറ്റിയാണ് ആശുപത്രിക്ക് കെട്ടിടം പണിതത്‌. കെട്ടിടം പൂർത്തിയായിട്ട് ഒരു വർഷത്തിലധികമായിട്ടും തുടർന്ന് പ്രവർത്തിക്കാത്തതിൽ ശക്തമായ പ്രതിഷേധം രൂപപ്പെട്ടിട്ടുണ്ട്. വെള്ളവും വൈദ്യുതിയും ഇല്ലാത്തതാണ് പ്രവർത്തിക്കാൻ തടസമെന്ന് പഞ്ചായത്ത്‌ അധികൃതർ പറയുന്നു. വെള്ളത്തിനായി കുഴൽകിണർ കുഴിച്ചെങ്കിലും ടാങ്കും മോട്ടറും സ്ഥാപിച്ച് പ്ലംബിംഗ് ജോലികൾ പൂർത്തീകരിക്കേണ്ടിയിരിക്കുന്നു. വൈദ്യുതി ലഭിക്കുന്നതിനായി ഇലക്ട്രിക് ജോലികളും ബാക്കിയാണ്. രോഗികൾക്ക് ഇരിക്കാനുള്ള ഇരിപ്പിടവും നിർമ്മിക്കണം. ഇതിന് സാവകാശവും ഫണ്ടും വേണം.