
തിരുവനന്തപുരം: ലോകകപ്പ് ഫുട്ബാൾ ആവേശം കേരളത്തിൽ അലയടിക്കുമ്പോഴും കായികഭവന്റെ പണി ഇതുവരെ തുടങ്ങിയിട്ടില്ല. വാൻറോസ് ജംഗ്ഷനിലാണ് കായിക ഭവന് വേണ്ടിയുള്ള 32 സെന്റ് സ്ഥലം നിലകൊള്ളുന്നത്. 2021ൽ അന്നത്തെ കായികമന്ത്രി ഇ.പി. ജയരാജനായിരുന്നു കായികഭവന് തറക്കല്ലിട്ടത്. സംസ്ഥാന കായിക മേഖലയ്ക്ക് ഏകീകൃത ആസ്ഥാനമുണ്ടാക്കുക എന്നതായിരുന്നു കായിക ഭവൻ സ്ഥാപിക്കുന്നതിലെ പ്രധാന ലക്ഷ്യം.എന്നാൽ കായിക മന്ത്രാലയത്തിന് കീഴിലുള്ള സ്ഥലം കാടുപിടിച്ച് നശിക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി. ജനങ്ങൾ മാലിന്യം നിക്ഷേപിക്കുന്നത് തടയാൻ ചുറ്റുമതിലെങ്കിലും നിർമ്മിക്കണമെന്ന് പരിസരവാസികൾ പരാതിപ്പെട്ടിട്ടും ഫലം കണ്ടില്ല. കാവൽക്കാരനില്ലാത്തതിനാൽ ആർക്കും എപ്പോഴും കയറിയിറങ്ങാനാകും. തെരുവുനായ ശല്യവുമുണ്ട്.ലൈറ്രില്ലാത്തത് പ്രശ്നം രൂക്ഷമാക്കുന്നു. നിലവിൽ സ്വകാര്യ വാഹനങ്ങൾ പാർക്ക് ചെയ്യാൻ മാത്രമാണ് ഇവിടം ഉപയോഗിക്കുന്നത്. ബഡ്ജറ്റിൽ അഞ്ച് കോടി മാറ്റിവച്ച് നിർമ്മാണത്തിനായി കായിക മന്ത്രാലയം കരാറുകാരെ ഏൽപ്പിച്ചെങ്കിലും നടപടിക്രമങ്ങൾ ഇഴയുന്നതിനാൽ കായികഭവൻ യാഥാർത്ഥ്യമായില്ല.