
പണ്ഡിതനും എഴുത്തുകാരനുമായ തങ്കപ്പൻ സാർ മിതഭാഷിയാണ്. അല്പംകൂടി സംസാരിച്ചിരുന്നെങ്കിൽ എന്ന് കേൾവിക്കാർ കൊതിച്ചുപോകും. ചില നല്ല പുസ്തകങ്ങൾ വായിച്ച് തീരുമ്പോഴും സിനിമ അവസാനിക്കുമ്പോഴും കുറേക്കൂടി ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുംപോലെ.
അറിഞ്ഞു കാണില്ലെന്നറിയാം. ഭാര്യ മരിച്ചുപോയ് എന്ന ആമുഖത്തോടെയാണ് തങ്കപ്പൻ സാർ ഫോൺ ചെയ്തത്.വാക്കുകൾ അതിശൈത്യംകൊണ്ട് തണുത്തുറഞ്ഞപോലെ രാജീവന് തോന്നി. സ്വന്തം പങ്കാളി നഷ്ടമായ വിവരം ഉറ്റവരോട് പറയേണ്ടിവരുന്ന സാഹചര്യം എത്ര നിർഭാഗ്യകരമാണ്. ഗുരുവിന്റെ ദുഃഖം എങ്ങനെ തണുപ്പിക്കും. അനുയോജ്യമായ വാക്കുകൾ കിട്ടാതെ രാജീവൻ വിഷമിച്ചു. പിന്നീട് സാറിനെ വിളിക്കാമെന്ന് പറഞ്ഞ് ഫോൺ കട്ടാക്കി. എല്ലാവർക്കും ആത്മധൈര്യവും ആത്മവിശ്വാസവും പകരാറുള്ള തങ്കപ്പൻ സാറിനെ ഒരിക്കലും ദുർബലനായി കണ്ടിട്ടില്ല. ആ വാക്കുകളിൽനിന്ന് തണുത്ത വിറപ്പിക്കുന്ന കാറ്റ് വീശുന്നപോലെ അനുഭവപ്പെട്ടു.ഒരു മണിക്കൂറിനുശേഷം രണ്ടുതവണ വിളിച്ചപ്പോഴാണ് ഫോണിൽ കിട്ടിയത്. ആ വിളി സാർ കാത്തിരുന്ന പോലെ മറ്റു മുഖവുരകളൊന്നുമില്ലാതെ വേർപാടിനെക്കുറിച്ച് പറയാൻ തുടങ്ങി. ഈയിടെയായി അവൾ അനവസരത്തിൽ തമാശ പറയും. അധികവും മരണത്തെപ്പറ്റിയാണ്. ഉറക്കത്തിൽ മരിക്കണം. ഉണർന്നിരിക്കുമ്പോൾ മരിക്കാൻ വയ്യ. ഉണർന്നിരിക്കുമ്പോൾ എന്തെല്ലാം ചിന്തകൾ കടന്നുവരും. ചുണ്ടുകൾ കോടിപ്പോകും. കണ്ണുകളുടെ ചലനങ്ങൾ, അവസാന ശ്വാസത്തിനൊപ്പംവരുന്ന കഫം, കൊഴുകൊഴുത്ത ഉമിനീർ ഉറക്കത്തിലാകുമ്പോൾ ആ സീനുകളെല്ലാം ഒഴിവാക്കാം. ഇപ്പോൾ അധികവും പ്രാർത്ഥിക്കുന്നത് ഉറക്കത്തിലുള്ള സുഖകരമായ മരണത്തിനായാണ്. ഇത്തരം വാക്കുകൾ അവൾ പറയുമ്പോൾ കോപംവരും. നന്നായി ശാസിക്കും. ശാസന നീളുമ്പോൾ പൂജാമുറിയിൽ കയറിയിരിക്കും. ലളിതാസഹസ്രനാമവും ഹരിനാമ കീർത്തനവും ജപിക്കും. മേലിൽ ഇത്തരം അറംപറ്റുന്ന വാക്കുകൾ പറയരുതെന്ന് താക്കീത് ചെയ്തു. എങ്കിലും താക്കീതിന്റെ ചൂടാറുമ്പോൾ വീണ്ടും മരണ തമാശകൾ ആവർത്തിക്കും. നാം ആഗ്രഹിക്കുന്നതാണ് പ്രകൃതിയും ദൈവവും വിധിക്കുന്നതെന്ന് അവൾ സൗമ്യമായി പറയും. അങ്ങനെയെങ്കിൽ ഈ ലോകവും ഭൂമിയും എത്ര മാറിയേനെ എന്ന് തങ്കപ്പൻ സാർ കളിയാക്കിയത്രേ. ഭാര്യ അതിന് മാത്രം മറുപടി പറഞ്ഞില്ല.
മനസിൽ കുറെ ആശ്വാസ വാക്കുകളും ശേഖരിച്ചാണ് മരണവീട്ടിലെത്തിയത്.സുഖമായി ജീവിക്കുന്നതിനെക്കാൾ സുഖകരമായി മരിക്കുന്നതാണ് ഭാഗ്യം. കാൽനൂറ്റാണ്ട് രാജകീയമായി ജീവിച്ചിട്ട് മൂന്നുവർഷം ജീവിതംതന്നെ കിടന്നകിടപ്പിലായാൽ അത് നരകമല്ലേ. ക്ളൈമാക്സ് നന്നായാൽ ജീവിതചിത്രം ഹിറ്റല്ലേ തുടങ്ങിയ വാക്കുകൾ മനസിൽ ഒതുക്കിവച്ചിരുന്നു.
മരണവീട്ടിൽ ചാരുകസേരയിൽ ഇരിക്കുകയാണ് തങ്കപ്പൻ സാർ. പുതിയൊരാൾ ആശ്വസിപ്പിക്കാനെത്തിയപ്പോൾ സംസാരിച്ചിരുന്ന ചില സുഹൃത്തുക്കൾ യാത്ര പറഞ്ഞിറങ്ങി. രാജീവനെയും കൂട്ടി തൊട്ടടുത്ത മുറിയിലേക്ക് തങ്കപ്പൻ നീങ്ങി. ആ മുറിയുടെ ഒരു മൂലയിൽ പൂജാമുറിക്ക് തുല്യമായി നിലവിളക്കും ഏതാനും ദേവീദേവന്മാരുടെ ചിത്രങ്ങളും. അവിടെയാണ് പാതിരാവിലെപ്പോഴോ നാമജപങ്ങളിലൂടെ ഭാര്യ മടങ്ങിയത്. കൈയിൽ ദേവീമാഹാത്മ്യം ചേർത്തുപിടിച്ചിരുന്നു. കൈകൾ തണുത്തു മരവിച്ചിരുന്നു. തൊട്ടടുത്ത വീട്ടിലെ ഡോക്ടർ വന്നു പരിശോധിച്ചിട്ട് തങ്കപ്പൻ സാറിനെ സ്നേഹപൂർവം തലോടി. ഡോക്ടറുടെ മൗനം വാചാലമായിരുന്നു. അവൾ ആഗ്രഹിച്ചത് നടന്നു. ഉറക്കത്തിൽ നിശബ്ദമായി ...കൈയിൽ ദേവീമാഹാത്മ്യം. കഴിഞ്ഞയാഴ്ച അവൾ പറഞ്ഞിരുന്നു. ഇനി ജന്മമില്ലെന്ന്. പണ്ടേതോ ജോത്സ്യൻ പറഞ്ഞിട്ടുണ്ടത്രേ ശരിയോ തെറ്റോ ആർക്കറിയാം? തങ്കപ്പൻ സാറിന്റെ ചോദ്യം ഇടറിയിരുന്നു.