
പൂവാർ: നെയ്യാർ നദിയുടെ സംഗമ ഭൂമിയായ പൂവാർ പൊഴിക്കര ഇപ്പോൾ ആളും ആരവവുമായി ഉത്സവ ലഹരിയിലാണ്. വിദേശികളടക്കം ദിവസവും നൂറുകണക്കിന് ടൂറിസ്റ്റുകളാണ് ഇവിടെ വന്നു പോകുന്നത്. കോവളം കഴിഞ്ഞാൽ ടൂറിസ്റ്റുകൾ തമിഴ് നാട്ടിലേക്ക് പോകുന്നതിന് മുൻപുള്ള ഇടത്താവളമാണ് പൂവാർ പൊഴിക്കര. സഹ്യപർവ്വത സാനുക്കളിൽ നിന്നും ഉത്ഭവിച്ച് 56 കിലോമീറ്റർ ദൂരം സഞ്ചരിച്ചാണ് നെയ്യാർ നദി അറബിക്കടലിൽ ലയിക്കുന്നത്. നെയ്യാർ നദി ഇവിടെ എത്തുന്നതോടെ പൂവാർ ആകുന്നു എന്നത് നാടിന്റെ ചരിത്രം കൂടിയാണ്. സ്വർണ്ണ തൂമ്പയാൽ നിർമ്മിക്കപ്പെട്ട ചരിത്ര പ്രസിദ്ധമായ അനന്ത വിക്ടോറിയം മാർത്താണ്ഡവർമ്മ കനാൽ തമിഴ്നാട്ടിലേക്ക് കടന്നു പോകുന്നതും ഈ സംഗമ ഭൂമിയെ തൊട്ടുരുമിയാണ്. പൂവാർ, കുളത്തൂർ ഗ്രാമ പഞ്ചായത്തുകളുടെ അതിർത്തി വേർതിരിക്കുന്നതും നെയ്യാർ തന്നെയാണ്. പൊഴിമുറിയുന്ന പൊഴിയൂരിലെ കുരിശടിയും നദിയിലെ വെള്ളത്തിന് നടുവിൽ ഉയർന്ന് നിൽക്കുന്ന എലിഫന്റ് റോക്കും സഞ്ചാരികൾക്ക് ഏറെ കൗതുകമുയർത്തുന്നത് തന്നെയാണ്. ഈ നദിയുടെ ബ്രേക്ക് വാട്ടറിലെ സ്വാഭാവികമായ കണ്ടൽക്കാടുകൾ ഏവർക്കും നയന മനോഹരവുമാണ്. കൈയേറ്റം നദിയുടെയും കനാലിന്റെയും സ്വാഭാവികമായ വീതി കുറച്ചെങ്കിലും കണ്ടൽ കാടുകൾക്കിടയിലൂടെയുള്ള ബോട്ട് സവാരി ടൂറിസ്റ്റുകൾക്ക് എക്കാലവും ആനന്ദകരമാണ്. ഡിസംബറിന്റെ അവസാന നാളുകൾ തീരം ജനസാഗരമാകും. എന്നാൽ തീരത്തെ സൗകര്യങ്ങളുടെ അപര്യാപ്തത സഞ്ചാരികളെയും പ്രദേശവാസികളെയും വീർപ്പുമുട്ടിക്കുകയാണ്. തിങ്ങിക്കൂടുന്നവർക്ക് പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാൻ സൗകര്യമില്ല. പൂവാറിലെ ചിൽഡ്രൻസ് പാർക്കും, പൊഴിയൂരിലെ ഓഖി പാർക്കും ഉപയോഗശൂന്യമാണ്. രണ്ടിടത്തും ടോയ്‌ലെറ്റും, വെള്ളവും, വെളിച്ചവും ഇല്ല. ബോട്ട് സവാരിക്ക് സുരക്ഷ ഉറപ്പുവരുത്താനും അധികൃതർക്ക് ആയിട്ടില്ലെന്ന് പ്രദേശവാസികൾ പറയുന്നു.
സജീവമായിക്കൊണ്ടിരിക്കുന്നു
ലോഡ്ജുകൾ, ഹോട്ടലുകൾ, റെസ്‌റ്റോറന്റുകൾ, ഫ്ളോട്ടിംഗ് റെസ്‌റ്റോറന്റുകൾ, ഐസ്ക്രീം പാർലറുകൾ, ചെറുകിട വ്യാപാര സ്ഥാപനങ്ങൾ തുടങ്ങിയവ ഇവിടെ സജീവമാണ്. കൗതുകത്തോടെ ഫ്ളോട്ടിംഗ് റെസ്റ്റോറന്റുകളിലിരുന്ന് ഭക്ഷണം കഴിക്കുന്നതിനും, തീരത്തെ വിശാലമായ മണൽപ്പരപ്പിലിരുന്ന് സായാഹ്നങ്ങൾ ചെലവിടുന്നതിനും കണ്ടൽകാടുകൾക്കിടയിലൂടെ ബോട്ട് സവാരി നടത്തുന്നതിനുമാണ് ടൂറിസ്റ്റുകൾ പൂവാർ പൊഴിക്കരയിൽ എത്തുന്നത്. ഇവിടുത്തെ ഹോട്ടലുകളും റെസ്‌റ്റോറന്റുകളും തുടങ്ങി എല്ലാ ഇടവും ഇപ്പോൾ സജീവമായിക്കൊണ്ടിരിക്കുകയാണ്. സഞ്ചാരികളേയും കാത്ത് ബോട്ടുകൾ നിരനിരയായി അടുക്കിയിട്ടിരിക്കുന്നതും മറ്റൊരു മനോഹര കാഴ്ചയാണ്.
പ്രതീക്ഷയോടെ
മണൽ പരപ്പിലെ ചെറു കച്ചവടക്കാരുടെ താത്കാലിക ഷെഡ്ഡുകളിൽ ഇടം തേടുന്ന സഞ്ചാരികൾ ദാഹമകറ്റുന്നതും മധുര പലഹാരങ്ങൾ കഴിക്കുന്നതും പതിവു കാഴ്ചകളിലൊന്നാണ്. സഞ്ചാരികളെയും കൊണ്ട് മണൽപ്പരപ്പിൽ നടന്നിരുന്ന കുതിര, ഒട്ടക സവാരികളുടെ എണ്ണമിപ്പോൾ കൂടിയിട്ടുണ്ട്. കൊവിഡ് മഹാമാരിയുടെ നീരാളിപ്പിടിത്തം ഒഴിഞ്ഞുപോയതോടെ ടാക്സി, ഓട്ടോ, ബോട്ട് ഡ്രൈവേഴ്സ്, ഹോട്ടൽ തൊഴിലാളികൾ, ചെറുകച്ചവടക്കാർ തുടങ്ങി നൂറുകണക്കിന് തൊഴിലാളികളും പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. 2023 ന്റെ പുത്തൻപുലരിക്കായുള്ള ഒരുക്കങ്ങൾ ഇപ്പോഴെ തുടങ്ങിക്കഴിഞ്ഞു.