1

വിഴിഞ്ഞം: കാർഷികകോളേജ് - കാക്കാമൂല വെള്ളായണി കായലിന് കുറുകെ പാലം നിർമ്മിക്കാൻ ഇനി വേണ്ടത് ക്യാബിനറ്റ് അംഗീകാരം മാത്രം. ആദ്യത്തെ മൂന്ന് ടെൻഡറുകൾ സാങ്കേതിക തടസത്തിന്റെ പേരിൽ ഉപേക്ഷിക്കുകയായിരുന്നു. തുടർന്ന് നാലാമത്തെ ടെൻഡർ ആലപ്പുഴ സ്വദേശിയാണ് നേടിയത്. തുടർന്ന് പൊതുമരാമത്ത് വകുപ്പ് പ്രത്യേക കമ്മിറ്റി കൂടി പാസാക്കിയാണ് ഈ മാസം 15ന് ക്യാബിനറ്റ് അംഗീകാരത്തിനായി സമർപ്പിച്ചിരിക്കുന്നത്.

അംഗീകാരം ലഭിച്ചാൽ അടുത്ത കാലവർഷത്തിനു മുൻപ് പൂർത്തിയാക്കാനാണ് തീരുമാനമെന്ന് അധികൃതർ പറഞ്ഞു.വെള്ളായണി കായലിൽ കാക്കാമൂല ബണ്ട് റോഡ് മാറ്റി പാലം നിർമ്മിക്കുന്നതിന്

കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ഭരണാനുമതി ലഭിച്ചിരുന്നു. കാർഷിക കോളേജിനെയും കാക്കാമൂലയെയും ബന്ധിപ്പിക്കുന്ന ബണ്ട് റോഡിൽ മഴക്കാലത്ത് വെള്ളം കയറി ഗതാഗതം മുടങ്ങുന്നത് പതിവായതോടെയാണ് പാലം നിർമ്മിക്കണമെന്ന ആവശ്യം ശക്തമായത്. പാലം നിർമ്മിക്കാൻ സർക്കാർ അനുമതി ലഭിച്ചു. അനുമതി ലഭിച്ചത് മുതൽ പൊതുമരാമത്ത് അധികൃതർ പാലം നിർമ്മാണത്തിനുള്ള നടപടികൾ തുടങ്ങി. മണ്ണ് പരിശോധന നടത്തി റിപ്പോർട്ട് നൽകിയതോടെ പാലത്തിന് രൂപരേഖ തയ്യാറാക്കിയെങ്കിലും ടെൻഡർ നടപടികൾ വൈകി.