
കല്ലമ്പലം: പള്ളിക്കൽ പഞ്ചായത്തിലെ ആറാം വാർഡിൽ മോളി ചന്തയ്ക്കു സമീപം കക്കാട് അങ്കണവാടിക്ക് വേണ്ടി നിർമ്മിച്ച കെട്ടിടം കാട്മൂടി സാമൂഹ്യ വിരുദ്ധരുടെ താവളമായി മാറി. പഞ്ചായത്തിലെ ഭൂരിഭാഗം അങ്കണവാടികളും വാടക കെട്ടിടത്തിൽ പ്രവർത്തിക്കുമ്പോൾ ചിലത് മാത്രമാണ് സ്വന്തം കെട്ടിടത്തിൽ പ്രവർത്തിക്കുന്നത്. വാർഡ് മെമ്പറുടെ ശ്രമഫലമായാണ് മോളി ചന്തയിൽ കക്കാട് അങ്കണവാടിക്കായി സ്വന്തം കെട്ടിടം നിർമ്മിച്ചത്. അങ്കണവാടിക്ക് സ്വന്തം കെട്ടിടം വേണമെന്ന വർഷങ്ങളായുള്ള നാട്ടുകാരുടെ ആവശ്യത്തെത്തുടർന്ന് എൻ.ആർ.ഇ.ജി.എസ് ഫണ്ടിൽ നിന്ന് 8 ലക്ഷം രൂപയും ഐ.സി.ഡി.എസ് ഫണ്ടിൽ നിന്ന് 3 ലക്ഷം രൂപയും പഞ്ചായത്ത് ഫണ്ട് 2 ലക്ഷം രൂപയും കൂടി 13 ലക്ഷം രൂപ ചെലവിട്ടാണ് മനോഹരമായ കെട്ടിടം നിർമ്മിച്ചത്. കെട്ടിടം പണി പൂർത്തിയായി ദീർഘനാൾ കഴിഞ്ഞിട്ടും അനുബന്ധ ജോലികൾ നടത്താതെ കാടു വളരാൻ വിട്ടുകൊടുത്തു എന്നാണ് പരാതി. നശിക്കുന്ന കക്കാട് പുതിയ അങ്കണവാടി കെട്ടിടത്തിന്റെ അനുബന്ധ ജോലികൾ പൂർത്തിയാക്കി എത്രയും വേഗം വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അങ്കണവാടി പുതിയ കെട്ടിടത്തിലേക്ക് മാറ്റണമെന്നും, പള്ളിക്കൽ പഞ്ചായത്തിൽ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന മുഴുവൻ അങ്കണവാടികൾക്കും സ്വന്തം കെട്ടിടം നിർമ്മിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
അങ്കണവാടിയിൽ സാമൂഹ്യവിരുദ്ധർ
കെട്ടിടം നിർമ്മിച്ചിട്ടും അനുബന്ധജോലികൾ പൂർത്തിയാക്കാതെ കാടുമൂടിയ കെട്ടിടം ഇന്ന് സാമൂഹ്യവിരുദ്ധരുടെ താവളമാണ്. ചുറ്റുമതിൽ ഇല്ലാത്തതാണ് ഇതിന് കാരണമെന്നാണ് നാട്ടുകാർ പറയുന്നത്. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ അവസാന ഘട്ടത്തിലാണ് അങ്കണവാടിക്ക് കെട്ടിടം നിർമ്മിക്കാനുള്ള ശ്രമം ആരംഭിച്ചത്. കൊവിഡ് പ്രതിസന്ധികൾക്ക് ഇടയിലാണ് കെട്ടിടം പണി പൂർത്തിയാക്കിയത്. വൈദ്യുത കണക്ഷൻ തുടങ്ങിയ അനുബന്ധ ജോലികളെല്ലാം ബാക്കിയാണ്. ഇത്തരത്തിൽ പണി പൂർത്തിയാകാതെ ഒഴിഞ്ഞുകിടക്കുന്ന കെട്ടിടങ്ങൾ പള്ളിക്കൽ മേഖലയിൽ നിരവധിയാണ്. ഈ കെട്ടിടങ്ങൾ യുവാക്കൾ മദ്യപാനത്തിനും മയക്കുമരുന്ന് ഉപയോഗത്തിനും വിപണനത്തിനും ഉപയോഗിക്കുന്നുവെന്നും ആക്ഷേപമുണ്ട്.