വിഴിഞ്ഞം: വിഴിഞ്ഞം പൊലീസ് സ്റ്റേഷനിലെ ജീപ്പ് ബൈപ്പാസിൽ നിന്ന് സർവീസ് റോഡിലേക്ക് മറിഞ്ഞ് 4 പൊലീസുകാർക്ക് പരിക്ക്. 2 പേരുടെ പരിക്ക് ഗുരുതരമാണ്. ഇന്നലെ പുലർച്ചെ ഒന്നരയോടെ വാഴമുട്ടം ജംഗ്ഷനു സമീപത്തു വച്ച് ജീപ്പ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ജനമൈത്രി പൊലീസ് ഓഫീസറായ എസ്.ഐ.ജോൺ ബ്രിട്ടോ,സി.പി.ഒ സഞ്ജു,ഹോം ഗാർഡുമാരായ ജോസ്,ശിവരാജൻ എന്നിവരാണ് അപകടത്തിൽപ്പെട്ടത്. ജോൺ ബ്രിട്ടോയ്ക്ക് നട്ടെല്ലിനും ജോസിന് കഴുത്തിനും ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവർ സ്വകാര്യാശുപത്രിയിൽ ചികിത്സയിലാണ്. വിഴിഞ്ഞം ടൗൺഷിപ്പിൽ ഭാര്യ വീട്ടിൽ മദ്യപിച്ചെത്തി ബഹളംവച്ച് ആത്മഹ്യാഭീഷണി മുഴക്കിയ കരിമഠം സ്വദേശി യുവാവിനെ അനുനയിപ്പിച്ച് കരിമഠത്തെ വീട്ടിൽ തിരികെയെത്തിച്ചശേഷം മടങ്ങവെയാണ് വാഴമുട്ടത്തു വച്ച് ബൈപ്പാസ് റോഡിൽ നിന്ന് ജീപ്പ് നിയന്ത്രണം വിട്ട് സർവീസ് റോഡിലേക്ക് മറിഞ്ഞത്. അപകടത്തിൽ പൊലീസുകാർ സമീപത്തെ ഓടയിൽ തെറിച്ചുവീണു. ജീപ്പ് സമീപത്തെ തടിക്കടയിലെ ഗേറ്റും മതിലും തകർത്ത് ഇടിച്ചു നിൽക്കുകയായിരുന്നു. വിവരമറിഞ്ഞ് തിരുവല്ലം സ്റ്റേഷനിൽ നിന്ന് എസ്.ഐ സതീഷിന്റെ നേതൃത്വത്തിൽ പൊലീസെത്തി ആംബുലൻസിലാണ് ഇവരെ ആശുപത്രിയിലേക്ക് മാറ്റിയത്. വിഴിഞ്ഞം സ്റ്റേഷനിലെ ജീപ്പിന്റെ ദുരവസ്ഥയെക്കുറിച്ച് കഴിഞ്ഞ ഒക്ടോബർ 27ന് കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. 75 ഓളം പൊലീസുകാരുള്ള വിഴിഞ്ഞം സ്റ്റേഷനിൽ 3 ജീപ്പുകളാണ് ഉണ്ടായിരുന്നത്. അതിൽ കഴിഞ്ഞ മാസമുണ്ടായ പൊലീസ് സ്റ്റേഷൻ ആക്രമണത്തിൽ 2 ജീപ്പുകൾ തകർന്നിരുന്നു. ജീപ്പിന്റെ പലഭാഗങ്ങളും കയറുകൊണ്ട് കെട്ടിവച്ച നിലയിലാണ്. മറ്റൊരു സ്റ്റേഷനിൽ നിന്നുമെത്തിച്ച പഴക്കം ചെന്ന ജീപ്പാണ് ഇന്നലെ മറിഞ്ഞത്. വിഴിഞ്ഞം സ്റ്റേഷനിൽ പുതിയ ജീപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് മാസങ്ങൾക്ക് മുമ്പ് കത്ത് നല്കിയെങ്കിലും നടപടിയൊന്നുമുണ്ടായില്ല. അതിനിടെയാണ് സ്റ്റേഷനിൽ ഉണ്ടായിരുന്ന ജീപ്പുകൾ ആക്രമണത്തിൽ തകർന്നത്. എന്നാൽ പൊലീസ് ജീപ്പുൾപ്പെടെ തകർത്ത പ്രതികളെ ഇതുവരെയും അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധമുയരുന്നുണ്ട്.