ci

വിതുര: ഒടുവിൽ വിതുര ജനമൈത്രി പൊലീസ് സ്റ്റേഷനിൽ സി.ഐയെ നിയമിച്ചു. പുതിയ സി.ഐയായി നിയമനം ലഭിച്ച അജയകുമാർ ഇൗയാഴ്ച ചാർജെടുക്കും. കണ്ണൂർ കേളകം സ്റ്റേഷനിൽനിന്നാണ് വിതുരയിൽ എത്തുന്നത്. നേരത്തേ ആര്യനാട് സ്റ്റേഷനിലെ എസ്.ഐ ആയിരുന്നു അജയകുമാർ. വിതുര പൊലീസ് സ്റ്റേഷനിൽ സി.ഐയുടെ സേവനം ലഭ്യമല്ലാതായിട്ട് മൂന്ന് മാസംകഴിഞ്ഞു. സി.ഐയുടെ അഭാവം മൂലം കേസന്വേഷണങ്ങൾ വഴിമുട്ടുകയും ആഭ്യന്തരപ്രശ്നങ്ങൾ അരങ്ങേറുകയും ചെയ്തിരുന്നു. നിലവിലുണ്ടായിരുന്ന സി.ഐ എസ്.ശ്രീജിത്ത് വട്ടപ്പാറ പൊലീസ് സ്റ്റേഷനിലേക്ക് സ്ഥലം മാറിപ്പോയതോടെയാണ് വിതുര സ്റ്റേഷനിൽ സി.ഐ ഇല്ലാതായത്. വിശിഷ്ടസേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ ലഭിച്ചയുടനെയാണ് സി.ഐയെ ഇവിടെ നിന്ന് സ്ഥലം മാറ്റിയത്. ഇതിന് തൊട്ടുമുൻപ് നിലവിലുണ്ടായിരുന്ന എസ്.ഐ സുധീഷിനെയും വെഞ്ഞാറമൂട്ടിലേക്ക് സ്ഥലം മാറ്റിയിരുന്നു. പുതിയ സി.ഐയെ ഉടൻ നിയമിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും കടലാസിൽ ഒതുങ്ങുകയായിരുന്നു.

സർക്കാരിന്റെ ലഹരിവിരുദ്ധ സന്ദേശ പരിപാടിയായ യോദ്ധാവ് പദ്ധതിയുടെ ഭാഗമായി വിതുര ജനമൈത്രി പൊലീസ് സ്റ്റേഷൻ എസ്.ഐ വിനോദ് കുമാർ, ഗ്രേഡ് എസ്.ഐ സതികുമാർ, ഇർഷാദ് എന്നിവരുടെ നേതൃത്വത്തിൽ മികച്ച പ്രവർത്തനങ്ങൾ നടത്തിയെങ്കിലും കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരി ഉത്പന്നങ്ങൾ വിപണിയിൽ സുലഭമാണെന്നാണ് നാട്ടുകാർ പരാതിപ്പെട്ടിരുന്നു മാത്രമല്ല സ്കൂളുകളും കോളജുകളും കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന തകൃതിയായി നടക്കുകയാണ്. ലഹരിവിൽപ്പന വർദ്ധിക്കുന്നതായി ചൂണ്ടിക്കാട്ടി കേരളകൗമുദിയും വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതിനെ തുടർന്നാണ് സി.ഐയെ നിയമിക്കാനുള്ള നടപടികൾ സ്വീകരിച്ചത്.വിതുര ജനമൈത്രിപൊലീസ് സ്റ്റേഷനിൽ പൊലീസ് കോൺസ്റ്റബിൾമാരുടെ കുറവും നേരിടുന്നുണ്ട്.