
വിതുര: പൊന്മുടിയിൽ മഴയത്ത് തകർന്ന റോഡിൻെറ പുനർനിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി. ഡിസംബർ ആദ്യവാരത്തോടെ പൊന്മുടി സഞ്ചാരികൾക്കായി തുറന്നുകൊടുക്കാനുള്ള നടപടി ക്രമങ്ങൾ നടത്തിവരികയാണ് വനംവകുപ്പ്. റോഡ് തകർന്നതിനെ തുടർന്ന് സെപ്തംബർ മാസത്തിലാണ് പൊന്മുടി അടച്ചത്. പൊന്മുടി പന്ത്രണ്ടാം മൈലിന് സമീപമാണ് റോഡിന്റെ ഒരുവശം കനത്തമഴയിൽ തകർന്നത്. തുടർന്ന് ഗതാഗതം പൂർണമായി തടസപ്പെട്ടിരുന്നു. പന്ത്രണ്ടാം വളവിന് സമീപം രണ്ട് തവണയാണ് റോഡരിക് ഇടിഞ്ഞ് താഴ്ന്നത്. ആദ്യം മണ്ണിടിച്ചിലുണ്ടായ ഭാഗത്ത് റോഡിന്റെ അറ്റകുറ്റപ്പണി നടക്കുന്നതിനിടെയാണ് വീണ്ടും കനത്ത മഴയെത്തുടർന്ന് മണ്ണിടിച്ചിലുണ്ടായത്.
റോഡിന്റെ ഭൂരിഭാഗവും ഇടിഞ്ഞ് താഴ്ന്നതോടെ പൊന്മുടി പൂർണമായും ഒറ്റപ്പെട്ട നിലയിലാകുകയും, പൊന്മുടി നിവാസികൾ പുറംലോകവുമായി ബന്ധപ്പെടുവാൻ കഴിയാതെ ഒറ്റപ്പെടുകയും ചെയ്തതിനെ തുടർന്ന് പൊന്മുടി റൂട്ടിൽ ബസ് സർവീസ് നിറുത്തിവെച്ചിരുന്നു. ഗതാഗതം നിലച്ചതോടെ തോട്ടം തൊഴിലാളികളും വിദ്യാർത്ഥികളും പ്രതിഷേധവുമായി രംഗത്തെത്തുകയും വിദ്യാർത്ഥികൾക്ക് സ്കൂളിൽ എത്തുവാൻ കഴിയാത്ത അവസ്ഥ സംജാതമാകുകയും ചെയ്തതിനെ തുടർന്ന് മന്ത്രിയും എം.എൽ.എയും പ്രശ്‌നത്തിൽ ഇടപെട്ട് റോഡ് ഗതാഗതയോഗ്യമാക്കാൻ അടിയന്തര നടപടികൾ സ്വീകരിച്ചിരുന്നു. രണ്ടാഴ്ചക്ക് ശേഷം പൊന്മുടി പന്ത്രണ്ടാം വളവ് വരെ ബസ് സർവീസ് ആരംഭിച്ചു. റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ ഇഴയുന്നുവെന്ന് പരാതി ലഭിച്ചതിനെ തുടർന്ന് സെപ്‌തംബർ 18ന് മന്ത്രി പി.എ. മുഹമ്മദ് റിയാസും ഡി.കെ.മുരളി എം.എൽ.എയും പൊന്മുടിയിലെത്തി റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ അടിയന്തരമായി പൂർത്തിയാക്കാൻ നിർദ്ദേശം നൽകിയിരുന്നു. പണി പൂർത്തീകരിച്ച് ഡിസംബറിൽ തന്നെ പൊന്മുടി തുറക്കാനായിരുന്നു തീരുമാനം. ഇതിനെ തുടർന്ന് യുദ്ധകാലാടിസ്ഥാനത്തിലാണ് പുനർനിർമ്മാണ പ്രവർത്തനങ്ങൾ നടന്നത്.
മകരമഞ്ഞിൽ മാമല
പൊന്മുടിയിലിപ്പോൾ സുഖശീതളമായ കാലാവസ്ഥയാണ്. മകരമഞ്ഞിൽ മുങ്ങിക്കുളിച്ച് അതിസുന്ദരിയായി നിൽക്കുകയാണ് മാമല. വൃശ്ചികമാസം പിറന്നതോടെ മൂടൽമഞ്ഞ് വീഴ്ച ശക്തമായി. മിക്കദിവസങ്ങളിലും പൊന്മുടിയിൽ മഴയും പെയ്യുന്നുണ്ട്. മഴയുള്ള ദിവസങ്ങളിൽ മഞ്ഞ് വീഴ്ച കഠിനമാകുന്നു. മഞ്ഞിൻെറ ആധിക്യം മൂലം നിലവിൽ പകൽ സമയത്തുപോലും കല്ലാർ മുതൽ വാഹനങ്ങൾ ലൈറ്റ് തെളിച്ച് സഞ്ചരിക്കേണ്ട അവസ്ഥയാണ്. മഞ്ഞ് വീഴ്ച 22 ഹെയർപിൻ വളവ് താണ്ടി കല്ലാർ വരെ വ്യാപിക്കും, ചില ദിവസങ്ങളിൽ മഞ്ഞ് വ്യപനം വിതുര വരെ നീളുന്നു. മഞ്ഞും, കുളിർകാറ്റും, മഴയും സഞ്ചാരികൾക്ക് ഒരു ആകാശയാത്രയുടെ ത്രില്ല് തന്നെ സമ്മാനിക്കുന്നു.
സഞ്ചാരികളെയും കാത്ത് പൊന്മുടി
മൂന്ന് മാസമായി പൊൻമുടി അടഞ്ഞുകിടക്കുന്നത് മൂലം വനംവകുപ്പിന് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടായത്. ഓണത്തിനും പൊൻമുടി അടച്ചിട്ടിരിക്കുകയായിരുന്നു. സാധാരണ പതിനായിരങ്ങളാണ് ഓണ നാളുകളിൽ പൊന്മുടിയുടെ സൗന്ദര്യം നുകരുവാൻ മലകയറിയെത്തുന്നത്. മൂന്ന് മാസം കൊണ്ട് ഒരുകോടിരൂപയിൽ പരം രൂപയുടെ വരുമാന നഷ്ടമുള്ളതായാണ് വനംവകുപ്പ് കണക്കാക്കുന്നത്. ഇതുകൂടാതെ മഴയത്ത് തകർന്ന റോഡിന്റെ പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കും ലക്ഷങ്ങൾ ചിലവഴിക്കേണ്ടിവന്നു. പൊന്മുടി അടഞ്ഞുകിടക്കുകയാണെങ്കിലും ധാരാളം ടൂറിസ്റ്റുകൾ സന്ദർശനാനുമതി ചോദിച്ച് കല്ലാർ ചെക്ക് പോസ്റ്റിൽ എത്താറുണ്ട്. പൊന്മുടി അടച്ചതോടെ വിതുര മേഖലയിലെ മറ്റ് വിനോദസഞ്ചാരകേന്ദ്രങ്ങളിൽ സഞ്ചാരികളുടെ തിരക്ക് വർദ്ധിച്ചിട്ടുണ്ട്. കല്ലാർ, പേപ്പാറ, ബോണക്കാട്, ചാത്തൻകോട്, ചീറ്റിപ്പാറ എന്നിവിടങ്ങളിൽ ആയിരക്കണക്കിന് സഞ്ചാരികളാണ് ഒഴുകിയെത്തുന്നത്. പൊന്മുടി തുറക്കുന്നതോടെ സഞ്ചാരികളുടെ വൻപ്രവാഹം തന്നെയുണ്ടാകുമെന്നാണ് വനംവകുപ്പ് വ്യക്തമാക്കുന്നത്.