തിരുവനന്തപുരം: ഇക്കഴിഞ്ഞ റവന്യു ജില്ലാ കായിക മേളയിൽ സ്പോർട്സ് സ്‌കൂളിലെ താരങ്ങളെ കവച്ചുവയ്‌ക്കുന്ന പ്രകടനങ്ങൾ സർക്കാർ,എയ്‌ഡഡ് സ്കൂളുകളിൽ നിന്നെത്തിയ വിദ്യാർത്ഥികൾ ട്രാക്കിലും ഫീൽഡിലും കാഴ്ചവച്ചു. പരിമിത സൗകര്യങ്ങളിൽ വല്ലപ്പോഴും ലഭിക്കുന്ന പരിശീലനത്തിന്റെ പിൻബലത്തിലായിരുന്നു ഈ നേട്ടങ്ങളൊക്കെയും. മെഡൽ നേട്ടങ്ങൾക്കൊപ്പം പ്രതീക്ഷ നൽകുന്ന പല പ്രകടനങ്ങളുമുണ്ടായി. എന്നാൽ ഇവരെ തേച്ചുമിനുക്കി ഭാവിയുടെ വാഗ്ദാനമായി വാർത്തെടുക്കാനുള്ള അടിസ്ഥാനസൗകര്യങ്ങളും കായിക ഉപകരണങ്ങളും ജില്ലയിലെ സർക്കാർ-എയ്ഡഡ് മേഖലയിലെ സ്കൂളുകൾക്കില്ല.
697 സ്‌കൂളുകളിൽ നിന്നായി 5000 കായികതാരങ്ങൾ മാറ്റുരച്ച റവന്യു ജില്ലാ കായിക മേളയിൽ പെൺകുട്ടികളുടെ വിഭാഗം പോൾവാട്ടിൽ മത്സരം നടത്താതെയാണ് വിധി നിർണയം നടത്തിയത്.
പോളും ബെഡും ഉപയോഗിച്ചുള്ള പരിശീലനം ലഭിക്കാത്തതുമൂലം കുട്ടികൾ മത്സരിക്കാൻ മടിച്ചതായിരുന്നു കാരണം. കായിക സ്കൂളുകളിലെ ആൺകുട്ടികൾ മാത്രമാണ് പോൾ ഉപയോഗിച്ച് മത്സരം പൂർത്തിയാക്കിയത്. മറ്റുള്ളവർക്ക് മുളങ്കമ്പ് തന്നെയായിരുന്നു ശരണം. സ്പോർട്സ് സ്കൂളിലെ താരങ്ങൾ ഉപയോഗിച്ച സ്റ്റാർട്ടിംഗ് ബ്ലോക്കുകൾ ആദ്യമായി കണ്ടവരും മേളയിലുണ്ടായിരുന്നു. ഹഡിൽസിൽ തട്ടി വീണ് പരിക്കേറ്റവരും സ്പൈക്‌സില്ലാതെ വിവിധ മത്സരങ്ങളിൽ പങ്കെടുത്ത് പരിക്കേറ്റവരും നിരവധിയായിരുന്നു. പത്ത് ഹഡിൽസെങ്കിലും വേണ്ടിടത്ത് സ്കൂളുകളിൽ ഉള്ളത് രണ്ടോ മൂന്നോ മാത്രം. അതും കാലപ്പഴക്കമേറിയവ. ജെമ്പ് സ്റ്റാൻഡുകളോ പിറ്റുകളോ ഒരിടത്തുമില്ല. കായികാദ്ധ്യാപകരുടെ സേവനമില്ലാത്ത സ്കൂളുകളും നിരവധി. നാഷണൽ ഗെയിംസിന് കേരളത്തിനു ലഭിച്ച ഉപകരണങ്ങൾ എവിടെയെന്ന ചോദ്യവും അവശേഷിക്കുന്നു.
ഉപകരണങ്ങൾ ഇവിടെയുണ്ട്
ജില്ലയിൽ കായിക ഉപകരണങ്ങൾ മിക്കവയുമുള്ളത് ജി.വി രാജ, സായ്, അയ്യങ്കാളി സ്പോർട്സ് സ്കൂൾ, യൂണിവേഴ്സിറ്റി സ്റ്റേഡിയം എന്നിവിടങ്ങളിലാണ്.