
കടയ്ക്കാവൂർ: അഞ്ചുതെങ്ങ് പൊലീസ് സ്റ്റേഷനിലേക്ക് വരുന്ന പരാതികൾ അന്വേഷിക്കാനിറങ്ങുമ്പോഴാണ് പൊലീസ് ജീപ്പിനൊരു സ്റ്റാർട്ടിംഗ് ട്രബിൾ. പണിതിട്ടും പണിക്കുറ്റം തീരാത്ത ഈ പൊലീസ് ജീപ്പാണ് അഞ്ചുതെങ്ങ് സ്റ്റേഷനിലെ ഒഴിയാബാധ. ഈ പണിമുടക്ക് നിത്യസംഭവമായതോടെ പൊലീസുകാർ ദുരിതത്തിലുമായി. കാലപ്പഴക്കവും അറ്റകുറ്റപ്പണികൾ കൃത്യമായി നടത്താത്തതുമാണ് വാഹനങ്ങളുടെ ഈ ശോച്യാവസ്ഥയ്ക്ക് കാരണം.വാഹനങ്ങൾ പണിമുടക്കുന്നത് നിത്യസംഭവമായതോടെ പരാതികൾ കൃത്യമായി അന്വേഷിക്കാൻ പറ്റാതായി.പട്രോളിംഗും മിന്നൽ പരിശോധനയുമെല്ലാം പാതിവഴിയിലായി.പെട്ടെന്ന് എത്തേണ്ട പലയിടത്തും പൊലീസെത്തുമ്പോൾ കാര്യങ്ങളെല്ലാം കഴിഞ്ഞിട്ടുണ്ടാകും. ഇതുകാരണം അഞ്ചുതെങ്ങ് സ്റ്റേഷനിലെ പൊലീസുകാർക്ക് നാട്ടുകാരുടെ മുന്നിൽ പരിഹാസ്യരായി നിൽക്കേണ്ട അവസ്ഥയാണ്.ഇത് ആത്മാർത്ഥതയോടെ കൃത്യനിർവഹണം നടത്തുന്ന പൊലീസുകാരുടെ മനോവീര്യം കെടുത്തുന്നതാണ്.
രണ്ട് ബൊലേറോ വാഹനങ്ങളാണ് നിലവിൽ അഞ്ചുതെങ്ങ് സ്റ്റേഷനായ് അനുവദിച്ചത്. അതിൽ 2014 രജിസ്ട്രേഷൻ ചെയ്തിട്ടുള്ള KL01BN8433 എന്ന വാഹനം മൂന്ന് ലക്ഷത്തിലധികം കിലോമീറ്ററും 2016 രജിസ്ട്രേഷൻ ചെയ്ത ' KL01BW7958 എന്ന വാഹനം രണ്ട് ലക്ഷത്തിലധികം കിലോമീറ്ററുമാണ് ഓടിയിട്ടുള്ളത്.
കൃത്യമായ ഇടവേളകളിൽ അറ്റകുറ്റപ്പണിയും പരിപാലനവും ഇല്ലാത്തതാണ് വാഹനങ്ങൾ വളരെവേഗം നശിക്കുാള്ള പ്രധാന കാരണം. കൂടാതെ തീരദേശമായതിനാൽ ഉപ്പുരസം കലർന്ന കാറ്റേറ്റ് വാഹനങ്ങൾക്ക് പെട്ടെന്ന് തുരുമ്പിക്കുന്നു. തുരുമ്പ് കയറിയ വാഹന ഭാഗങ്ങൾ കയറുകൊണ്ടും, കമ്പി കൊണ്ടും കെട്ടിനിറുത്തിയിരിക്കുകയാണ്. വാഹനത്തിന്റെ ഗിയർ ബോക്സ്, ക്ലച്ച് തുടങ്ങി ഇലക്ട്രിക്കൽ വയറിംഗ് കിറ്റ് എന്നിവയും തകരാറിലാണ്. അടിയന്തര സാഹചര്യങ്ങളിൽ അഞ്ചുതെങ്ങ് പൊലീസിന്റെ സേവനം ലഭ്യമാകുവാൻ പരാതിക്കാർ മണിക്കൂറുകളോളം കാത്തിരിക്കേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളത്. പലപ്പോഴും വാഹനം സ്റ്റാർട്ട് ആകാൻ തന്നെ മണിക്കൂറുകൾ വേണ്ടിവരുന്നുണ്ട്, ചില ഘട്ടങ്ങളിൽ പൊലീസ് ഉദ്യോഗസ്ഥർ 'പ്രതികളുടെയും പരാതി നൽകാൻ സ്റ്റേഷനിൽ എത്തിയവരുടെയും സഹായത്തോടെ വാഹനം മീറ്ററുകളോളം തള്ളി സ്റ്റാർട്ട് ആക്കിയാണ് അന്വേഷണങ്ങൾക്കും മാറ്റുമായി പോകുന്നത്.
സ്റ്റാർട്ട് ആയ വാഹനം ഓഫ് ആയിക്കഴിഞ്ഞാൽ വീണ്ടും സ്റ്റാർട്ട് ആയില്ലെങ്കിലോ എന്ന ഭയത്താൽ പലപ്പോഴും വാഹനത്തിന്റെ എൻജിൻ ഓഫ് ആക്കാറില്ല. തന്മൂലം ഇന്ധന ചിലവും വർദ്ധിക്കുന്നുണ്ട്. സ്റ്റേഷൻ പരിധികൾ അഞ്ചുതെങ്ങ് മുതലപ്പൊഴി - മുതൽ വിളബ്ഭാഗം - മീരാൻകടവ് വരെയുള്ള പ്രദേശങ്ങളാണ് അഞ്ചുതെങ്ങ് സ്റ്റേഷൻ പരിധിയിൽ ഉൾപ്പെടുന്നത്. വാഹനങ്ങളുടെ അറ്റകുറ്റപ്പണികൾക്കുള്ള കാലതാമസം കാരണം വാഹനങ്ങളുടെ മൈലേജും കുറഞ്ഞു.