തിരുവനന്തപുരം: സന്നദ്ധ രക്തദാനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ആശയങ്ങൾ കണ്ടെത്താൻ പൊലീസ് നടത്തിയ മത്സരത്തിൽ തിരുവനന്തപുരം ശ്രീകാര്യം ലയോള കോളേജ് ഒഫ് സോഷ്യൽ സയൻസ് ഒന്നും മൂന്നും സ്ഥാനങ്ങൾ നേടി. കൊല്ലത്തെ ടി.കെ.എം ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിക്കാണ് രണ്ടാം സ്ഥാനം. വിജയികളായ ഗംഗാബാബു.ബി, ആര്യാ മുരുകേശൻ, തോമസ് ടോമി എന്നിവർ സമ്മാനം ഏറ്റുവാങ്ങി.
മന്ത്രി ആർ.ബിന്ദു സമ്മാനങ്ങൾ വിതരണം ചെയ്തു. പൊലീസിന്റെ പോൾ ബ്ലഡ് സ്റ്റേറ്റ് കൺട്രോൾ റൂമും കേരള സ്റ്റേറ്റ് എയ്ഡഡ് കൺട്രോൾ സൊസൈറ്റിയും ചേർന്ന് സംഘടിപ്പിച്ച ഹീമോപോൾ 2022 എന്ന സെമിനാറിൽ തിരഞ്ഞെടുക്കപ്പെട്ട പ്രോജക്ടുകൾ അവതരിപ്പിച്ചു. 27 കോളേജുകളിൽ നിന്ന് 80 വിദ്യാർത്ഥികളാണ് മത്സരത്തിൽ പങ്കെടുത്തത്. ഇതിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പത്ത് പ്രോജക്ടുകളാണ് സെമിനാറിൽ അവതരിപ്പിച്ചത്.

പൊലീസ് മേധാവി അനിൽ കാന്ത്, എ.ഡി.ജി.പിയും പോൾ ബ്ലഡ് ചെയർമാനുമായ എം.ആർ.അജിത് കുമാർ, എസ്.പിമാരായ ഡോ.നവനീത് ശർമ്മ, അരവിന്ദ് സുകുമാർ, സ്റ്റേറ്റ് എയ്ഡഡ് കൺട്രോൾ സൊസൈറ്റി പ്രോജക്ട് ഡയറക്ടർ ഡോ.ശ്രീലത എന്നിവർ പങ്കെടുത്തു.