തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതിക്കുമുന്നിൽ സ്വന്തം കുഞ്ഞിനായി കൈനീട്ടി വീണ്ടും ഒരമ്മയും അച്ഛനുമെത്തി. ഒന്നരമാസം പ്രായമുള്ള മകളെ ഉപേക്ഷിച്ചപ്പോഴാണ് അവളില്ലാതെ ജീവിക്കാനാവില്ലെന്ന് തിരിച്ചറിഞ്ഞത്. മകളെ തിരികെ കിട്ടാനുള്ള വഴിതേടി തനിക്കുമുന്നിലെത്തിയ മാതാപിതാക്കളെക്കുറിച്ച് കൗൺസലിംഗ് സൈക്കോളജിസ്റ്റ് കല മോഹൻ തന്റെ ഫേസ്ബുക്കിൽ കുറിച്ചപ്പോഴാണ് സംഭവം പുറംലോകമറിഞ്ഞത്.

മകളെ അമ്മത്തൊട്ടിലിലാണ് ഉപേക്ഷിച്ചതെങ്കിൽ ഉറപ്പായും തിരികെ ലഭിക്കുമെന്ന ചൈൽഡ് വെൽഫെയർ കമ്മിറ്റി അദ്ധ്യക്ഷ അഡ്വ. ഷാനിബാബീഗത്തിന്റെ ഉറപ്പും സോഷ്യൽ മീഡിയയിൽ വൈറലായി. ജൂലായ് 17ന് ഒരു കുഞ്ഞിനെ ലഭിച്ചിരുന്നുവെന്നും ഷാനിബാബീഗം സ്ഥിരീകരിച്ചു. കുഞ്ഞിന്റെ ഡി.എൻ.എ ടെസ്റ്റ് നടത്തിയശേഷം കുട്ടിയുടെ ഭാവി സുരക്ഷിതമോ എന്നതും അന്വേഷിക്കും. നടപടികൾ പൂർത്തിയായാലുടൻ കുഞ്ഞിനെ മാതാപിതാക്കൾക്ക് കൈമാറുമെന്നും ഷാനിബ പറഞ്ഞു.

പ്രണയകാലത്തെ ഗർഭം ഒളിപ്പിച്ചുവച്ച് വിവാഹിതരായ ആലുവ സ്വദേശികളായ യുവാവും യുവതിയും മാനഹാനി ഭയന്നാണ് ഒന്നരമാസം വളർത്തിയശേഷം കുഞ്ഞിനെ ഉപേക്ഷിച്ചത്. ഏറെനാളത്തെ പ്രണയത്തിനിടെ യുവതി ഗർഭിണിയായി. ഇരുവീട്ടുകാരെയും സമ്മർദ്ദത്തിലാക്കി വേഗം വിവാഹം നടത്തിയെങ്കിലും ഗർഭകാര്യം അറിയിക്കാനുള്ള ധൈര്യമുണ്ടായില്ല. തിരുവനന്തപുരത്ത് വീട് വാടകയ്ക്ക് എടുത്ത് താമസമാക്കി. പ്രസവവും ഇവിടെയായിരുന്നു. ഒന്നര മാസത്തോളം ഇരുവരും മകളെ കൊഞ്ചിച്ചു. പിന്നീടാണ് അമ്മതൊട്ടിലിൽ ഉപേക്ഷിക്കാൻ തീരുമാനിച്ചത്. ഉപേക്ഷിക്കുന്ന ദിവസം രാത്രിയിൽ കണ്ണെഴുതി പൊട്ടുതൊട്ട് പുത്തനുടുപ്പണിയിച്ച് ഒരുക്കിയശേഷം മോളുടെ ചിത്രവും എടുത്തിരുന്നു. ഈ ചിത്രവും തെളിവാണ്. കുഞ്ഞിന്റെ അച്ഛനാണ് കൊണ്ടുവന്ന് ഉപേക്ഷിച്ചത്. ദിവസങ്ങൾ പിന്നിട്ടപ്പോഴേക്കും ഇരുവർക്കും മകളെ പിരിയാൻ കഴിയില്ലെന്ന് ബോദ്ധ്യമായി. തിരികെ കിട്ടാനുള്ള വഴിയറിയാതെ മാസങ്ങളോളം വിഷമിച്ച ഇരുവരും ദിവസങ്ങൾക്കുമുമ്പാണ് സഹായത്തിനായി കൗൺസലിംഗ് സൈക്കോളജിസ്റ്റിനെ സമീപിച്ചത്.

നിയമപോരാട്ടം ഒഴിവായി

അഡോപ്ഷന് നൽകുന്നതിനു മുൻപുള്ള റിപ്പോർട്ടുകൾ പൂർത്തിയാക്കുന്നതിനിടയ്ക്ക് മാതാപിതാക്കൾ എത്തിയതുകൊണ്ടാണ് കുഞ്ഞിന്റെ കൈമാറ്റം സുഗമമായത്. ദത്തെടുക്കലിനുള്ള ലിസ്റ്റിൽ പേര് ചേർത്തിരുന്നെങ്കിൽ തിരികെ ലഭിക്കാൻ നിയമപോരാട്ടം നടത്തേണ്ടിവരുമായിരുന്നു.

മകളെ തിരികെ ആവശ്യപ്പെട്ട് പിതാവ് ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് കത്ത് നൽകിയിട്ടുണ്ട്. അമ്മയുടെ കത്തുകൂടി ലഭിച്ചാലുടൻ ഡി.എൻ.എ പരിശോധന നടപടികൾ ആരംഭിക്കും. റിസൽട്ട് ലഭിക്കുന്നതിനുള്ളിൽ കുഞ്ഞിനെ സംബന്ധിച്ച സോഷ്യൽ ഇൻവെസ്റ്റിഗേറ്റിംഗ് റിപ്പോർട്ടും ചൈൽഡ് സ്റ്റഡി റിപ്പോർട്ടും സി.ഡബ്ളിയു.സി പൂർത്തിയാക്കും. പരിശോധനകൾ തൃപ്തികരമെങ്കിൽ മൂന്നാഴ്ചയ്ക്കകം കുട്ടിയെ കൈമാറും. കുഞ്ഞിനെ മാതാപിതാക്കൾക്ക് നൽകിയാലും ഫോളോ അപ്പുകളുണ്ടാകും.