
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിൽ എന്തു പ്രതിസന്ധികൾ രൂപപ്പെട്ടാലും സർക്കാർ ഒരടിപോലും പിന്നോട്ടില്ലെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. കഴിഞ്ഞ അഞ്ചുവർഷക്കാലം നടത്തിയതിനെക്കാൾ കൂടുതൽ പ്രവർത്തനം കഴിഞ്ഞ ഒരു വർഷം കൊണ്ട് നടത്താനായി. പദ്ധതിക്കെതിരായ സമരത്തെ അടിച്ചമർത്തുന്ന നയം സർക്കാരിനില്ല. പറ്റാവുന്നത്ര ക്ഷമയോടെ മുന്നോട്ടുപോകാനാണ് ശ്രമിക്കുന്നത്. കുറ്റം ചെയ്‌തവർ ആരായാലും ശിക്ഷിക്കപ്പെടണം. സമരത്തിന്റെ പേരിൽ വർഗീയമായ ചേരിതിരിവ് ഉണ്ടാക്കാൻ ആരു ശ്രമിച്ചാലും അംഗീകരിക്കാനാകില്ല.
മുഖ്യമന്ത്രി മറുപടി
പറയണം: എം.ടി.രമേശ്
വിഴിഞ്ഞം സമരത്തിന് പിന്നിലെ രാജ്യദ്രോഹ ശക്തികൾ ആരെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ് ആവശ്യപ്പെട്ടു. പൊലീസിനെ അക്രമിച്ചവർക്ക് എതിരെ കേസില്ല. സമാധാനപരമായി യോഗം നടത്തിയ ഹിന്ദു ഐക്യവേദി നേതാക്കൾക്കെതിരെ കേസെടുത്തു. കേരളം കണ്ട ഏറ്റവും ഭീരുവായ മുഖ്യമന്ത്രിയാണ് പിണറായി.