photo

പട്ടിണിയും പരിവട്ടവുമായി കഴിയുന്ന കുടുംബങ്ങളിലെ കുട്ടികൾക്ക് കേന്ദ്ര - സംസ്ഥാന സർക്കാരുകൾ നൽകിവരുന്ന സ്‌കോളർഷിപ്പുകൾ എത്രമാത്രം സഹായകമാണെന്ന് അവരുടെ ജീവിത സാഹചര്യങ്ങൾ നോക്കിയാലറിയാം. സാമ്പത്തികവും ഭൗതികവുമായി രാജ്യം ഏറെ പുരോഗതി നേടിയിട്ടുണ്ടെന്നതിൽ തർക്കമില്ല. അതേസമയം ഒരു വിഭാഗം ഇപ്പോഴും സ്ഥിരമായി തൊഴിലോ വരുമാനമോ ഇല്ലാതെ കഷ്ടപ്പെടുന്നുണ്ട് എന്നതും വസ്തുതയാണ്. പിന്നാക്ക - പട്ടികവർഗ - പട്ടിക - ന്യൂനപക്ഷ വിഭാഗങ്ങൾ കാലാന്തരങ്ങളായി ദുരിതമനുഭവിക്കുന്നവരാണ്. വിദ്യാഭ്യാസം മൗലികാവകാശമാക്കി നിയമം വന്നിട്ടും പിന്നാക്ക - ന്യൂനപക്ഷ - പട്ടിക വിഭാഗങ്ങളിലെ കുട്ടികൾ സ്‌കൂളുകളിലെത്തുന്നത് പ്രധാനമായും അവർക്കു ലഭിച്ചുവരുന്ന സ്കോളർഷിപ്പിന്റെ സഹായംകൊണ്ടു കൂടിയാണ്. ന്യൂനപക്ഷ വിഭാഗങ്ങളിലെ ഒന്നു മുതൽ എട്ടുവരെ ക്ളാസുകളിലെ കുട്ടികൾക്ക് കേന്ദ്രം നൽകിവരുന്ന പ്രീമെട്രിക് സ്കോളർഷിപ്പ് കാരണമൊന്നും പറയാതെ പൊടുന്നനേ നിറുത്തലാക്കിയ വാർത്ത പലരും അറിഞ്ഞുപോലും കാണില്ല. സ്കോളർഷിപ്പ് വിവരങ്ങൾ സംബന്ധിച്ച കേന്ദ്രത്തിന്റെ പോർട്ടലിലാണ് ഇതേപ്പറ്റി അറിയിപ്പ് വന്നിരിക്കുന്നത്. ന്യൂനപക്ഷവിഭാഗം കുട്ടികളുടെ പ്രീമെട്രിക് സ്കോളർഷിപ്പ് നിറുത്തലാക്കുന്നതിനു മുമ്പേതന്നെ മറ്റു വിഭാഗം കുട്ടികളുടേതും നിറുത്തലാക്കിയിരുന്നു. എട്ട്, പത്ത് ക്ളാസുകളിലെ കുട്ടികൾക്കേ ഇനിമുതൽ സ്‌കോളർഷിപ്പിന് അർഹതയുള്ളൂ എന്നാണ് അറിയിപ്പ്.

കുടുംബ വാർഷിക വരുമാനം രണ്ടരലക്ഷം രൂപയിൽ താഴെയുള്ള കുടുംബങ്ങളിലെ കുട്ടികൾക്കാണ് പ്രീമെട്രിക് സ്‌കോളർഷിപ്പ് നൽകിവന്നിരുന്നത്. സ്കോളർഷിപ്പ് തുകയാകട്ടെ അത്ര കേമമൊന്നുമല്ല. മാസം 225 രൂപ. ഹോസ്റ്റലിലാണ് താമസമെങ്കിൽ 525 രൂപ ലഭിക്കും. അദ്ധ്യയന വർഷാരംഭത്തിൽ പുസ്തകങ്ങൾ വാങ്ങാൻ 750 രൂപ നൽകാനും വ്യവസ്ഥയുണ്ട്. സമൂഹത്തിന്റെ താഴെത്തട്ടുകളിലുള്ള കുട്ടികളുടെ തുച്ഛമായ ഈ സ്കോളർഷിപ്പ് തുക നൽകാതിരിക്കുന്നതിലൂടെ സർക്കാർ എന്തു സാമ്പത്തിക നേട്ടമാണ് ഉണ്ടാക്കാൻ പോകുന്നതെന്ന് വ്യക്തമല്ല. പാവങ്ങളുടെ പേരിൽ മുതലക്കണ്ണീരൊഴുക്കുന്ന ഭരണാധികാരികൾക്ക് ഈ നെറികെട്ട തീരുമാനമെടുക്കാൻ ഒരു മനസാക്ഷിക്കുത്തും ഇല്ലാതെ പോയല്ലോ എന്നതാണ് ആശ്ചര്യം. ഇരുപത്തഞ്ചുലക്ഷത്തോളം കോടി രൂപയുടെ വാർഷിക ബഡ്ജറ്റുള്ള കേന്ദ്ര സർക്കാരിന് പ്രീമെട്രിക് സ്കോളർഷിപ്പ് ഇനത്തിൽ ഒരു വർഷം എണ്ണായിരം കോടി രൂപപോലും ചെലവ് വരുന്നില്ല. മാത്രമല്ല മൊത്തം സ്കോളർഷിപ്പ് തുകയുടെ 75 ശതമാനമാണ് കേന്ദ്ര വിഹിതം. ശേഷിക്കുന്ന 25 ശതമാനം അതതു സംസ്ഥാനങ്ങളാണ് വഹിക്കേണ്ടത്. ഒന്നു മുതൽ പത്തുവരെ അഞ്ചുകോടിയിൽപ്പരം കുട്ടികൾ പ്രീമെട്രിക് സ്കോളർഷിപ്പ് വാങ്ങിക്കൊണ്ടിരുന്നു. ഇനി ഒൻപതും പത്തും ക്ളാസുകാർക്കു മാത്രമായി അതു ചുരുക്കുമ്പോൾ വലിയ വിഭാഗം കുട്ടികൾ പുറത്താകും. നന്നേ ദരിദ്ര‌കുടുംബങ്ങളിലെ കുട്ടികൾക്കാകും അതു വലിയ തിരിച്ചടിയാവുക. ചെറുതെങ്കിലും അവരെയൊക്കെ സംബന്ധിച്ച് മാസംതോറും ലഭിക്കുന്ന 225 രൂപ വലിയ ആനുകൂല്യം തന്നെയാണ്.

പ്രീമെട്രിക് സ്കോളർഷിപ്പ് പദ്ധതിയിൽനിന്ന് എട്ടാം ക്ളാസ് വരെയുള്ള ന്യൂനപക്ഷ വിദ്യാർത്ഥികളെ കേന്ദ്രം ഒഴിവാക്കിയിരിക്കുകയാണെങ്കിലും സംസ്ഥാന സർക്കാർ അവരെ കൈവിടുകയില്ലെന്ന സംസ്ഥാന വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയുടെ പ്രതികരണം ആശയ്ക്കു വകനൽകുന്നതാണ്. അനവധി ക്ഷേമനടപടികൾ സൃഷ്ടിച്ച ഭാരം ദുർവഹമായി തുടരുമ്പോഴും ഈ പുതിയ ബാദ്ധ്യത കൂടി ഏറ്റെടുക്കാനുള്ള ഹൃദയവിശാലത അഭിനന്ദിക്കപ്പെടേണ്ടതുതന്നെ. നേരത്തെ പിന്നാക്ക വിഭാഗക്കാർക്കുള്ള സ്കോളർഷിപ്പ് കേന്ദ്രം നിറുത്തലാക്കിയപ്പോഴും സംസ്ഥാന സർക്കാർ അതിനു മുടക്കം വരാതിരിക്കാൻ നടപടിയെടുത്തത് ഓർക്കുന്നു. ന്യൂനപക്ഷ വിദ്യാർത്ഥികളുടെ രക്ഷയ്ക്കും സർക്കാർ മുന്നോട്ടുവന്നാൽ വലിയ പുണ്യമായിരിക്കും അത്.