
തിരുവനന്തപുരം: തന്നെ രാജ്യദ്രോഹിയെന്ന് വിളിച്ച വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരസമിതി കൺവീനർ ഫാ.തിയോഡോഷ്യസ് ഡിക്രൂസിന്റെ മാപ്പ് അംഗീകരിക്കില്ലെന്ന് മന്ത്രി വി.അബ്‌ദുറഹ്മാൻ പറഞ്ഞു. വികസനപ്രവർത്തനങ്ങൾ തടസപ്പെടുത്തുന്നത് ശരിയല്ലെന്നും അതിനെ രാജ്യദ്രോഹമായി കാണണമെന്നും മാത്രമേ ഞാൻ പറഞ്ഞിട്ടുള്ളൂ. അത് ഇപ്പോഴും പറയുന്നു. ഇനിയും പറയും. അതിന് ആരുടെയും സർട്ടിഫിക്കറ്റ് എനിക്ക് ആവശ്യമില്ല. നാവിന് എല്ലില്ലാതെ വിളിച്ചുപറഞ്ഞശേഷം വൈകിട്ട് മാപ്പ് പറഞ്ഞാൽ കേരളത്തിലെ പൊതുസമൂഹം അംഗീകരിക്കുമെങ്കിൽ അംഗീകരിക്കട്ടെ. ഞാൻ അതൊന്നും സ്വീകരിച്ചിട്ടില്ല.
മാപ്പ് പറയുന്നതിൽ
കാര്യമില്ല: മന്ത്രി റിയാസ്
ഫാ. തിയോഡോഷ്യസ് പറയേണ്ടതെല്ലാം പറഞ്ഞിട്ട് മാപ്പ് പറയുന്നതിൽ കാര്യമില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. സംഘപരിവാറിന്റെ താത്പര്യങ്ങൾക്ക് അനുസരിച്ച് നിലപാട് സ്വീകരിക്കുന്നവർക്കൊപ്പം നിന്നുകൊണ്ടാണ് മന്ത്രി അബ്‌ദുറഹ്മാന് എതിരായ തിയോഡോഷ്യസിന്റെ പരാമർശം. മുസ്ലിം സമം തീവ്രവാദി എന്ന ആശയം പ്രചരിപ്പിക്കുന്നത് സംഘപരിവാറാണ്. ഒരു ആശയ പരിസരം സൃഷ്‌ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് അബ്‌ദുറഹ്മാനെതിരായ പരാമർശം. കൊവിഡ് ഉള്ളയാൾ പുറത്തിറങ്ങരുതെന്നാണ് പ്രോട്ടോക്കോൾ. അതു ലംഘിച്ച് പുറത്തിറങ്ങി കൊവിഡ് പരത്തിയ ശേഷം മാപ്പു പറഞ്ഞിട്ട് കാര്യമുണ്ടോ.