തിരുവനന്തപുരം: ഗുരുതരാവസ്ഥയിൽ നിന്ന് മോചിപ്പിച്ച് എയ്ഡ്സ് രോഗബാധിതർക്ക് സാധാരണ ജീവിതം നയിക്കുന്നതിനായി സംരക്ഷണം നൽകേണ്ടത് ഉത്തരവാദിത്വമാണെന്ന് മന്ത്രി ആന്റണി രാജു. ആരോഗ്യവകുപ്പിന്റെയും എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെയും നേതൃത്വത്തിൽ ലോക എയ്ഡ്സ് ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.എച്ച്.ഐ.വി അണുബാധയുള്ളവരെ മാറ്റി നിർത്തിയിരുന്നത് മറികടക്കാനായത് കൃത്യമായ ബോധവത്കരണം കൊണ്ടാണെന്നും പുതിയ രോഗബാധിതരുണ്ടാകാതിരിക്കാൻ നിലവിലുള്ള രോഗികൾക്കാവശ്യമായ ചികിത്സയുറപ്പാക്കാനുള്ള പ്രവർത്തനങ്ങളാണ് സർക്കാർ ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു. മേയർ ആര്യാ രാജേന്ദ്രൻ മുഖ്യാതിഥിയായി. പാളയം വാർഡ് കൗൺസിലർ പാളയം രാജൻ അദ്ധ്യക്ഷത വഹിച്ചു.'ഒന്നായി,തുല്യരായി തടുത്തു നിർത്താം' എന്നതാണ് ഇത്തണത്തെ ലോക എയ്ഡ്സ്ദിന സന്ദേശം. വിവിധ ജില്ലകളിൽ എയ്ഡ്സ് നിയന്ത്രണ പദ്ധതികളിൽ മികച്ച പ്രകടനം കാഴ്ചവച്ചവരെയും സുരക്ഷാപദ്ധതികളിൽ പ്രവർത്തിക്കുന്നവരെയും കുറഞ്ഞ കാലയളവിനുള്ളിൽ കൂടുതൽ രക്തദാനം നടത്തിയവരെയും ആദരിച്ചു. എയ്ഡ്സ് ദിനാചരണത്തിന്റെ ഭാഗമായി സംസ്ഥാന,ജില്ലാ,താലൂക്ക് തലങ്ങളിലും വിവിധ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കും.തിരുവനന്തപുരത്ത് ബോധവത്കരണ റാലിയും ഡബിൾ ഡെക്കർ പര്യടനവും സംഘടിപ്പിച്ചു.സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റി പ്രൊജക്ട് ഡയറക്ടർ ഡോ.ആർ. ശ്രീലത,ജില്ലാ മെഡിക്കൽ ഓഫീസർ എം.സക്കീന,സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റി ജോയിന്റ് ഡയറക്ടർ രശ്മി മാധവൻ,ജോസഫ് മാത്യു തുടങ്ങിയവർ പങ്കെടുത്തു.