കിളിമാനൂർ: തൊഴിലുറപ്പ് പദ്ധതിയിലെ മാറ്റുമായി ചേർന്ന് അഴിമതി നടത്തിയ കിളിമാനൂർ പഞ്ചായത്ത് കോൺഗ്രസ് അംഗത്തിനെതിരെ തൊഴിലുറപ്പ് പദ്ധതിയിലെ ഓംബുഡ്സ്‌മാൻ നടപടി. പഞ്ചായത്ത് ഏഴാംവാർഡ് അംഗവും കോൺഗ്രസ് നേതാവും ആശാപ്രവർത്തകയുമായ ജി.ബിന്ദു, വാർഡിലെ മാറ്റ് കടമ്പാട്ടുകോണം ശ്രീഭവനിൽ ജി.ലളിതാംബിക എന്നിവർക്കെതിരെയാണ് ഓംബുഡ്സ്‌മാൻ നടപടി.
പഞ്ചായത്തംഗവും ആശാപ്രവർത്തകയുമായ ജി.ബിന്ദു മാറ്റിനെ സ്വാധീനിച്ച് ഒരേ ദിവസം തൊഴിലുറപ്പ് മസ്റ്റർ റോളിലും,പഞ്ചായത്തിൽ നടന്ന വികസന സ്റ്റാൻഡിംഗ് കമ്മിറ്റിയിലും ഒപ്പിട്ട് അനധികൃതമായി തൊഴിലുറപ്പ് തുക കൈപ്പറ്റിയതായി അന്വേഷണത്തിൽ തെളിഞ്ഞു.കൂടാതെ തൊഴിലുറപ്പ് സൈറ്റിൽ ഒപ്പിട്ട ദിവസം തന്നെ മുളയ്ക്കലത്തുകാവ് കുടുംബാരോഗ്യകേന്ദ്രത്തിൽ ഇവർ ഡ്യൂട്ടിക്കെത്തിയതായും രേഖയിൽ വ്യക്തമായി.
ഓംബ്ഡ്സ്‌മാൻ മുൻപാകെ മെമ്പർ തനിക്ക് പറ്റിയ തെറ്റ് ഏറ്റുപറഞ്ഞിട്ടുണ്ട്. അനധികൃതമായി കൈപ്പറ്റിയ തുക മുഴുവൻ തിരിച്ചടയ്ക്കാനും ഓംബ്ഡ്സ്‌മാൻ ഉത്തരവിലുണ്ട്, അതോടൊപ്പം മെമ്പറിന് അഴിമതി നടത്താൻ സഹായിച്ച മാറ്റിനെ ആറുമാസത്തേക്ക് ചുമതലയിൽനിന്ന് മാറ്റി നിറുത്താനും ഉത്തരവിൽ പറയുന്നു. തൊഴിലുറപ്പ് പദ്ധതിയിൽ വാർഡിന്റെ ചുമതലയുള്ള അക്രഡിറ്റഡ് ഓവർസിയർ നന്ദുവിനെ ഓംബ്ഡ്സ്മാൻ കൃത്യവിലോപത്തിന്റെ പേരിൽ താക്കീതും ചെയ്തിട്ടുണ്ട്.