town-hall

ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരത്തിന്റെ അഭിമാനമായി മാറ്റിയെടുക്കാനുദ്ദേശിച്ച് ആരംഭിച്ച ആറ്റിങ്ങൽ മുനിസിപ്പൽ ടൗൺഹാളിന്റെ നവീകരണം പാതിവഴിയിൽ. ആധുനിക സംവിധാനങ്ങളോടെ നഗരസഭയുടെ നേതൃത്വത്തിലാണ് പഴയഹാൾ നവീകരിക്കുന്നതിന് തുടക്കമിട്ടത്. കച്ചേരിനടയ്ക്കും സി.എസ്.ഐ ജംഗ്ഷനും ഇടയ്ക്ക് ദേശീയപാതയോരത്ത് സ്ഥിതിചെയ്യുന്ന മുനിസിപ്പൽ ടൗൺഹാൾ ആറ്റിങ്ങലിന്റെ പ്രധാന ശ്രദ്ധാകേന്ദ്രവുമാണ്. നഗരസഭയുടെ പ്രധാന വരുമാന സ്രോതസ്സുകളിലൊന്നുമാണ് ഇവിടം. കുറഞ്ഞ വാടകയ്ക്ക് ഹാൾ ലഭിക്കുമായിരുന്നതിനാൽ നഗരപ്രദേശത്തെയും വിവിധ ഗ്രാമങ്ങളിലെയും സാധാരണ കുടുംബങ്ങളിലെ വിവാഹം, വിവാഹ സത്കാരം തുടങ്ങിയ ചടങ്ങുകൾക്ക് ടൗൺ ഹാളിനെയാണ് ആശ്രയിച്ചിരുന്നത്. നഗരം കേന്ദ്രീകരിച്ച് നടക്കുന്ന വിവിധ കലാ-സാഹിത്യ-സാംസ്‌കാരിക-രാഷ്ട്രീയ പരിപാടികളുടെ കേന്ദ്രവും ടൗൺ ഹാളായിരുന്നു. പ്രദേശത്ത് നിരവധിപേർക്ക് ഉപകാരപ്രദമാകുന്ന ടൗൺഹാൾ എത്രയും വേഗം നിർമ്മാണം പൂർത്തിയാക്കണമെന്നാണ് പൊതുവായ ആവശ്യം.

 തടസ്സം നീങ്ങിയതോടെ നിർമ്മാണം

ആധുനിക സൗകര്യങ്ങളോടെ ടൗൺഹാൾ നവീകരിക്കാൻ അഞ്ച് വർഷം മുമ്പാണ് നഗരസഭ തീരുമാനിച്ചത്. ഇതനുസരിച്ച് 4.5 കോടിയുടെ പദ്ധതി തയാറാക്കി. ആറ്റിങ്ങൽ ടൗൺ സർവീസ് സഹകരണബാങ്ക് വായ്പ അനുവദിക്കാൻ സന്നദ്ധത അറിയിച്ചതോടെ പദ്ധതിയുമായി മുന്നോട്ടുപോകാൻ അധികൃതർ തയ്യാറായി. നവീകരണത്തിന് അനുമതി ലഭിച്ചതോടെ കെ.എസ്.ഇ.ബി.യുടെ നിർമ്മാണ വിഭാഗത്തിന് നഗരസഭ കരാർ നല്കുകയും നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു. നിയമതടസ്സങ്ങളുൾപ്പെടെയുള്ള പ്രശ്‌നങ്ങൾ ആദ്യ ഘട്ടത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ നീളുന്നതിനിടയാക്കി. തടസ്സങ്ങൾ നീങ്ങിയതോടെയാണ് നിർമ്മാണപ്രവർത്തനങ്ങൾ വീണ്ടും തുടങ്ങിയത്.

 സൗകര്യങ്ങൾ ഏറെ

പഴയ പ്രധാനഹാൾ ഭക്ഷണശാലയാക്കും. 450 പേർക്ക് ഒരേസമയം ഇവിടെ ഭക്ഷണത്തിനുള്ള സൗകര്യമുണ്ടാകും. പ്രധാന ഹാളിനുപിന്നിലുണ്ടായിരുന്ന ഭാഗം സസ്യാഹാരശാലയാക്കും. അതിനുപിന്നിൽ അടുക്കള. പഴയ ഹാളിനു മുകളിലാണ് പുതിയ ശീതീകരിച്ച ഹാൾ ഒരുക്കുന്നത്. 900 പേർക്ക് ഇരിക്കാവുന്ന സംവിധാനങ്ങളാണ് ഹാളിലുണ്ടാവുക. ഇതോടനുബന്ധിച്ച് മറ്റെല്ലാ അടിസ്ഥാനസൗകര്യങ്ങളും ഒന്നാം നിലയിലുണ്ടാകും. ഭൂമിക്കടിയിലാണ് കാർ, ബൈക്ക് എന്നിവയ്ക്ക് പാർക്കിംഗ് സൗകര്യമൊരുങ്ങുന്നത്. ഒന്നാം നിലയിൽ നിന്ന് ഭക്ഷണശാലയിലേുക്കും പാർക്കിംഗ് മേഖലയിലേക്കും പോകുന്നതിന് പടിക്കെട്ടുകളുണ്ട്. മുന്നിൽ ഇടതുവശത്ത് നിലത്തുനിന്ന് ഒന്നാം നിലയിലേക്ക് റാമ്പും ഒരുക്കിയിട്ടുണ്ട്. ടൗൺഹാളിന്റെ നവീകരണപ്രവർത്തനങ്ങൾ ആരംഭിച്ചപ്പോൾ സ്വകാര്യവ്യക്തിയുടെ കേസ്, ലോക്ഡൗൺ ഉൾപ്പെടെയുള്ള പ്രശ്‌നങ്ങളുണ്ടായതോടെ വീണ്ടും പണി മുടങ്ങി.